Connect with us

Malappuram

മാലിന്യ പ്രശ്‌നം: സഹകരണ ആശുപത്രിക്കെതിരെ മലപ്പുറം നഗരസഭ നടപടിക്കൊരുങ്ങുന്നു

Published

|

Last Updated

മലപ്പുറം: മലപ്പുറം സഹകരണ ആശുപത്രിയിലെ മാലിന്യ പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. മാലിന്യ പ്രശ്‌നത്തിന് നിലവില്‍ ആശുപത്രിയെടുത്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാകും നടപടിയെടുക്കുക. ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ഓര്‍ഡര്‍ വാങ്ങിയാണ് ആശുപത്രിയില്‍ ഇപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതെന്ന് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അറിയിച്ചു. സ്‌റ്റേയുടെ കോപ്പിയും മറ്റും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ആശുപത്രിക്ക് 15 ദിവസം സമയം അനുവദിക്കണമെന്നായിരുന്നു ആദ്യം കൗണ്‍സില്‍ തീരുമാനമെടുത്തത്. എന്നാല്‍ പ്രതിപക്ഷം ബഹളം വെച്ച് ഇറങ്ങിപ്പോയതോടെയാണ് തീരുമാനത്തില്‍ മാറ്റം വന്നത്. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ നിസംഗത കാണിക്കുന്നതിനാല്‍ സമയം അനുവദിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭയുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ ആരംഭിച്ച ശുദ്ധജല ശൂദ്ധീകരണ പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസിനും ആശുപത്രിക്കും നഗരസഭ നല്‍കിയ കത്ത് പ്രഹസനം മാത്രമായിരുന്നു. ഒപ്പിടാതെയാണു കത്തു നല്‍കിയത്. പ്രതിപക്ഷം അറിയിച്ചു.
ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയായിട്ടുണ്ടെന്നും ട്രയലെന്ന നിലയില്‍ വെള്ളം ശുദ്ധീകരിച്ച് കോട്ടക്കുന്നിലേക്ക് വെള്ളം പമ്പു ചെയ്യുമെന്നും പൈപ്പ് ജോലികള്‍ കൂടി തീര്‍ന്നാല്‍ പ്രശ്‌നം പരിഹരിക്കും ഇതിന് സമയം വേണമെന്നുമാണ് സഹകരണ ആശുപത്രി ആവശ്യപ്പെട്ടത്.
എന്നാല്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കൗണ്‍സിലില്‍ തീരുമാനിച്ച കാര്യത്തില്‍ വീണ്ടും സമയം നല്‍കാന്‍ നഗരസഭക്ക് അധികാരമില്ലെന്ന് പ്രതിപക്ഷം വാദിച്ചു.
ഇതോടെ ഇരു വിഭാഗം കൗണ്‍സിലര്‍മാരും പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷം ഒന്നടങ്കം യോഗത്തില്‍ നിന്നും പുറത്തു പോവുകയും ചെയ്തു. ആശുപത്രിയുണ്ടാക്കുന്ന കടുത്ത മാലിന്യ പ്രശനം പരിഹരിക്കണമെന്നാവശ്യപ്പെട്ടും അനധികൃത നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടും രണ്ടുതവണ കത്ത് നല്‍കിയിരുന്നതായി ചെയര്‍മാന്‍ കെ പി മുസ്തഫ പറഞ്ഞു.