Connect with us

Malappuram

ആടുകളെ വാങ്ങി തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: കൊളത്തൂരിലെ കരിഞ്ചാപ്പാടി ഗോട്ട് ആന്റ് മുറ പാര്‍ക്കില്‍നിന്നും വിവാഹ സല്‍ക്കാരത്തിനെന്ന് പറഞ്ഞ് ആടുകളെ വാങ്ങി വണ്ടിച്ചെക്ക് നല്‍കി തട്ടിപ്പു നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ ടൗണില്‍വെച്ചാണ് സംഘത്തിലുള്‍പ്പെട്ട മുഖ്യപ്രതി തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി ഓലപിലാക്കല്‍ വീട്ടില്‍ ഒ പി ലത്വീഫ് (45), കോട്ടക്കല്‍ എടരിക്കോട് സ്വദേശി ഏറിയാടന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (29), പരപ്പനങ്ങാടി ഒസ്സാന്‍ കടപ്പുറം സ്വദേശി ഞാരന്‍പറമ്പത്ത് വീട്ടില്‍ സൈനുദ്ദീന്‍ എന്ന ബാവ (60) എന്നിവരെ അറസ്റ്റുചെയ്തത്.
കേരളത്തിലെ പ്രമുഖ എണ്ണ മില്ലുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വെളിച്ചെണ്ണ വാങ്ങി പണം നല്‍കാതെയും വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞ് കൊണ്ടുപോയി തട്ടിപ്പ് നടത്തിയതിനും ലത്തീഫിനെതിരെ കേസുണ്ട്. സിറാജുദ്ദീനെ മുന്‍നിറുത്തി വിവാഹ തട്ടിപ്പ് നടത്തിയതിനും ഓട് പതിച്ചുനല്‍കാമെന്നു പറഞ്ഞും ഗ്രില്‍, ഗെയ്റ്റ് എന്നിവ നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞും പണം മുന്‍കൂര്‍ വാങ്ങി കബളിപ്പിച്ചതിന് വിവിധ സ്റ്റേഷനുകളിലും കേസുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇത്തരം തട്ടിപ്പ് നടത്തിയിട്ടുളളത്.
സിറാജുദ്ദീനെതിരെ വാഹനം വാടകയ്‌ക്കെടുത്ത് പൊളിച്ച് വിറ്റതിനും ഒ.പി ലത്തീഫിന്റെ കൂടെ വെളിച്ചെണ്ണ തട്ടിപ്പ് നടത്തിയതിനും കേസുണ്ട്. കൊളത്തൂര്‍ എസ്.ഐ മുരളീധരന്‍, എ.എസ്.ഐ കെ.സുരേഷ് കുമാര്‍, പെരിന്തല്‍മണ്ണ എസ്.ഐ സി.കെ.നാസര്‍, പ്രത്യേക അന്വേഷണ സംഘത്തിലെയും ടൗണ്‍ ഷാഡോ പൊലീസിലേയും അംഗങ്ങളായ പി. മോഹന്‍ദാസ്, സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്‍, ടി. ശ്രീകുമാര്‍, കൃഷ്ണകുമാര്‍, അഷറഫ് കൂട്ടില്‍, അനില്‍ചാക്കോ, ഷബീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Latest