തിരൂരങ്ങാടിക്ക് അനുവദിച്ച ഫയര്‍‌സ്റ്റേഷന്‍ എവിടെ?

Posted on: March 24, 2015 9:40 am | Last updated: March 24, 2015 at 9:40 am
SHARE

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിന് അനുവദിച്ച ഫയര്‍‌സ്റ്റേഷനുള്ള നടപടി ഇനിയും ആരംഭിച്ചില്ല. സ്ഥിര അപകട മേഖലയായ ഈ ഭാഗത്ത് ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ട് വരുന്നതാണ്.
ദേശീയപാതയിലെ അപകട മേഖലക്ക് പുറമെ ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ഫില്ലിംഗ് കേന്ദ്രം തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് 2013ലെ സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ ഫയര്‍‌സ്റ്റേഷന്‍ അനുവദിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായത്. ബജറ്റിലെ പ്രഖ്യാപനം ഏറെ ആഹ്ലാദത്തോടെയാണ് നാട്ടുകാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ തുടര്‍ നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
ഈ ഭാഗങ്ങളില്‍ വല്ല അപകടവും സംഭവിച്ചാല്‍ തിരൂരില്‍ നിന്നോ മലപ്പുറത്തു നിന്നോ ആണ് അഗ്നിശമന സേന എത്താറുള്ളത്. റോഡിലെ ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടിനെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് കത്തിയുണ്ടായ അപകടസ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ദേശീയപാതയോരത്ത് കോഴിച്ചെനയില്‍ ദേശീയപാത വിഭാഗത്തിന്റേയും എം എസ് പിയുടേയും വിശാലമായ ഭൂമിയുണ്ട്. ഇവിടെ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനം മാത്രം ബാക്കി നില്‍ക്കുകയാണിപ്പോഴും.