Connect with us

Malappuram

ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവം: ആശുപത്രിയില്‍ ബഹളം

Published

|

Last Updated

പരപ്പനങ്ങാടി: ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്: ഈ മാസം 17ന് പ്രസവത്തിന് എത്തിയ രോഗിയെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയും 18ന് യുവതി ചാപിള്ളക്ക് ജന്മം നല്‍കുകയുമായിരുന്നു. എന്നാല്‍ ഗര്‍ഭത്തിന്റെ തുടക്കം മുതലേ ഈ ആശുപത്രിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ഈ സമയത്ത് നടത്തിയ രക്തഗ്രൂപ്പ് പരിശോധനയില്‍ ഒ പോസിറ്റീവ് രക്തമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ രക്തഗ്രൂപ്പ് എ പോസിറ്റീവാണെന്നാണ് കണ്ടെത്തിയിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സാ പിശകാണ് ഗര്‍ഭാവസ്ഥയിലുള്ള ഒന്‍പത് മാസം പ്രായമായ കുഞ്ഞ് മരിക്കാനിടയാക്കിയതെന്ന് ആരോപിച്ചാണ് രോഗിയുടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി ബഹളം വെച്ചത്.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ സ്വകാര്യ ആശുപത്രി അധികൃതര്‍ മാതാവിനെ രക്ഷിക്കാന്‍ വേണ്ടിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. രക്ത ഗ്രൂപ്പുകള്‍ മാറിയതും ബന്ധുക്കളെ പ്രകോപിപ്പിച്ചിരുന്നു.
ആശുപത്രി അധികൃതരുടെ ചില പദ പ്രയോഗങ്ങളും ബന്ധുക്കളെ പ്രകോപിതരാക്കി. ജീവനക്കാരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ അടുത്ത ദിവസം തന്നെ അവരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ പിരിഞ്ഞുപോവുകയായിരുന്നു.