കോര്‍പറേഷന്‍ ബജറ്റ് അവതരണവും സംഭവബഹുലം

Posted on: March 24, 2015 9:29 am | Last updated: March 24, 2015 at 9:29 am
SHARE

coporation kozhikodeകോഴിക്കോട്: അകത്തും പുറത്തും ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കോര്‍പറേഷന്‍ ഭരണ സമിതിയുടെ അവസാന ബജറ്റ് ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്ലത്വീഫ് അവതരിപ്പിച്ചു. സേവന മേഖലയും നഗരസഭയുടെ മൊത്തം വികസനവും നിലവിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുമാണ് 2015- 16 വര്‍ഷത്തെ ബജറ്റ് ലക്ഷ്യം വെക്കുന്നത്.

ശ്രദ്ധേയമായ വലിയ പദ്ധതികളൊന്നും ബജറ്റിലില്ല. 33,683 ലക്ഷം രൂപ വരവും 32,711 ലക്ഷം രൂപ ചെലവും 972 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ മുദ്രാവാക്യം വിളികളെ അവഗണിച്ച് ഡെപ്യൂട്ടി മേയര്‍ വായിച്ച് തീര്‍ക്കുകയായിരുന്നു. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് വിജിലന്‍സ് കേസുകളുള്ള അബ്ദുല്ലത്വീഫ് ബജറ്റ് അവതരിപ്പക്കുന്നതിനെ എതിര്‍ത്താണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഏറെ സങ്കീര്‍ണമായ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് 3.30 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ദശീയപാത, മിനിബൈപ്പാസ്, ദേശീയപാത ബൈപ്പാസ് എന്നിവയെ ബന്ധിപ്പിക്കുന്നതിന് നിലവിലുള്ള വിവിധ റോഡുകളുടെ വിപുലീകരണത്തിനും നവീകരണത്തിനും നടപടികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി മിനി ബൈപ്പാസില്‍ എരഞ്ഞിപ്പാലം- അരയിടത്തുപാലം റോഡില്‍ പാസ്‌പോര്‍ട്ട് ഓഫീസ്, സഹകരണ ആശുപത്രി എന്നിവയുടെ സമീപത്ത് നിന്ന് ആരംഭിച്ച് കിഴക്കെ നടക്കാവില്‍ ദേശീയ പാതയെ ബന്ധിപ്പിക്കുന്ന റോഡ് വിപുലീകരിക്കും.
എന്‍ എച്ച് ബൈപ്പാസ്, കുണ്ടൂപ്പറമ്പ്- എരഞ്ഞിക്കല്‍ റോഡിന്റെ വിപുലീകരണം, ദേശീയ പാതയില്‍ വെസ്റ്റ് ഹില്ലില്‍ നിന്ന് കാരപ്പറമ്പില്‍ എത്തിച്ചേരുന്ന റോഡ് തുടങ്ങിയവയും വിപുലീകരിക്കും. ഇതിനായി 1.64 കോടി വകയിരുത്തി.
പാവമണി റോഡില്‍ നിന്ന് ഇന്‍ഡോര്‍ സ്‌റ്റേഡയത്തിന് സമീപം രാജാജി റോഡിലേക്കുള്ള റോഡ്, അശോക ഹോസ്പ്പിറ്റലിന് സമീപം ദേശീയ പാതയെ ബന്ധിപ്പിക്കുന്ന റോഡ്, മാവൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന നടപ്പാത എന്നിവയുടെ വിപുലീകരണം എന്നിങ്ങനെയാണ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പ്രധാന പദ്ധതികള്‍. സ്‌റ്റേഡിയത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പാര്‍ക്കിംഗ് ഫലപ്രദമാക്കുന്നതിനും ഇത് സഹായകരമാണ്. ഇതിനായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
നഗരത്തിലെ പ്രധാന ജംഗ്ഷനുകള്‍ അപകട രഹിതമാക്കുന്ന തരത്തില്‍ നവീകരിക്കാനും ഇവിടങ്ങളില്‍ ലൈറ്റുകള്‍, സ്ഥാപിക്കാനും 35 ലക്ഷം രൂപ അനുവദിച്ചു. റോഡരികിലായി നഗരസഭക്ക് ലഭിച്ച സ്ഥലങ്ങള്‍ റോഡുകളുടെ വിപുലീകരണത്തിനും ബസ്, ഓട്ടോ കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണത്തിനും ഉപയോഗപ്പെടുത്തും. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നഗരത്തിലെ തിരഞ്ഞെടുത്ത 15 ഇടങ്ങളില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തും. 24 മണിക്കൂറും നിശ്ചിത സമയം ഇവിടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭിക്കും. കൂടുതല്‍ ഡാറ്റ ഉപയോഗം ആവശ്യമുള്ളവരില്‍ നിന്ന് ചെറിയ തുക ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു.
സ്ത്രീശാക്തീകരണത്തിനും കുട്ടികള്‍ക്കായുള്ള വികസന പദ്ധതികള്‍ക്കുമായി 516.93 ലക്ഷം, കുടിവെള്ള പ്രശ്‌നങ്ങള്‍ പരഹിക്കുന്നതിനായി 193.62 ലക്ഷം, പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 763.32 ലക്ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി ഏഴ് കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
നേരത്തെ കൗണ്‍സില്‍ തീരുമാനമെടുത്ത പാളയത്ത് മള്‍ട്ടിലെവല്‍ കോംപ്ലക്‌സ്, മള്‍ട്ടിപ്ലക്‌സ് നിര്‍മാണത്തിന് 210 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തീരദേശ വാസികളടക്കം നഗരത്തിലെ ദുര്‍ഭല വിഭാഗങ്ങളുടെ വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഭട്ട്‌റോഡ്, ആവിയില്‍ എന്നിവിടങ്ങളിലായി കമ്മ്യൂനിറ്റിഹാളുകള്‍ നിര്‍മിക്കും. ഇതിനായി 55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കിഡ്‌സണ്‍ കോര്‍ണര്‍ നവീകരണത്തിന് ഒരു കോടി രൂപ വകയിരുത്തി. നിലവിലെ വാണിജ്യ സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിനും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുമായാണ് തുക വിനിയോഗിക്കുക. കായിക മേഖലയിലെ വികസനം ലക്ഷ്യമിട്ട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മിനി സ്റ്റേഡിയം നിര്‍മിക്കുന്നതിനായി 40 ലക്ഷം അനുവദിച്ചു. ടാഗോര്‍ ഹാളിന്റെ സീലിംഗ് നവീകരണത്തിനും ടൗണ്‍ഹാള്‍ സംരക്ഷണത്തിനും 70 ലക്ഷം വകയിരുത്തി. 27 വാര്‍ഡുകളുടെ വിഹിതം 13 ലക്ഷം രൂപയായും 48 വാര്‍ഡുകളുടെ വിഹിതം 15 ലക്ഷം രൂപയായും ഉയര്‍ത്തി.
റോഡ് ആസ്തി സംരക്ഷണത്തിന് ലഭിക്കുന്ന തുകയുടെ വിഹിതവും പദ്ധതി ഫണ്ടിന്റെ പങ്കും ഉള്‍പ്പെടെ 27 വാര്‍ഡുകള്‍ക്ക് 35 ലക്ഷം രൂപയും 48 വാര്‍ഡുകള്‍ക്ക് 39.50 ലക്ഷം രൂപയും ബജറ്റ് വര്‍ഷത്തില്‍ ലഭിക്കും. നഗരത്തിലെ ചില ഭാഗങ്ങളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 1.15 കോടി രൂപയും സര്‍ക്കാര്‍ ഡിസ്‌പെന്‍സറികളില്‍ മരുന്നുകള്‍ വാങ്ങുന്നതിന് 75 ലക്ഷം രൂപയും അനുവദിച്ചു.
വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നരക്കോടി രൂപയും സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് രണ്ട് കോടിയും നീക്കിവെച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലാബ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 20 ലക്ഷം അനുവദിച്ചു. സമഗ്രശിശുക്ഷേമ പദ്ധതികളുടെ ഭാഗമായി അങ്കണ്‍വാടികള്‍ നവീകരിക്കുന്നതിന് 1.95 കോടിയും പോഷകാഹാര വിതരണത്തിനായി 4.25 കോടിയും വകയിരുത്തി.
കോവൂര്‍ കമ്മ്യൂനിറ്റി ഹാള്‍, പാളയം ആര്‍ ജെ ഡി ഓഫീസിന് സമീപം പാര്‍ക്കിംഗ് കം മള്‍ട്ടി പ്ലക്‌സ്, ആനക്കുളത്ത് സാംസ്‌കാരിക നിലയം, സ്വീവറേജ് പദ്ധതി, ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം, മാങ്കാവ് വനിതാ ഹോസ്റ്റല്‍, എരഞ്ഞിപ്പാലത്ത് മിനി സെമിനാര്‍ ഹാള്‍, എലത്തൂരില്‍ മിനി കണ്‍വെന്‍ഷന്‍ സെന്റര്‍, നഗരത്തിലെ പ്രധാന റോഡുകളായ ചെറൂട്ടി റോഡ്, കെ പി കേശവമേനോന്‍ റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് എന്നീ മാതൃകാ റോഡുകളുടെ വികസനം തുടങ്ങിയ പദ്ധതികള്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ബജറ്റില്‍ പ്രതിപാദിക്കുന്നുണ്ട്.