കാര്‍ഷിക, വ്യവസായ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന

Posted on: March 24, 2015 9:24 am | Last updated: March 24, 2015 at 9:24 am
SHARE

കോഴിക്കോട്: കാര്‍ഷിക, വ്യവസായ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്ത് നിലവിലെ ഭരണ സമിതിയുടെ അവസാന ബജറ്റായ 2015-16 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

110.24 കോടി രൂപ വരവും 105.92 കോടി രൂപ ചെലവും പ്രതീക്ഷിച്ചുകൊണ്ട് 4.32 കോടി രൂപ മിച്ചം വരുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി അവതരിപ്പിച്ചത്. കൃഷിയും അനുബന്ധ മേഖലകള്‍ക്കുമായി 4.97 കോടി രൂപയും മൃഗ സംരക്ഷണവും ക്ഷീര വികസനത്തിനുമായി 2.87 കോടി രൂപയുയാണ് നീക്കിവെച്ചത്.
ജില്ലാ പഞ്ചായത്തിന് അധീനതയിലുള്ള കൂത്താളി, പേരാമ്പ്ര, പുതുപ്പാടി, തിക്കോടി കൃഷി ഫാമുകള്‍ മികവുറ്റതാക്കി മാറ്റാന്‍ 3.5 കോടിയോളം രൂപയാണ് നീക്കിവെച്ചത്. മണ്ണ് സംരക്ഷണത്തിനായി 16.5 ലക്ഷം രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന കോള്‍നില വികസന പദ്ധതിക്കായി 50 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. കുറ്റിയാടി തെങ്ങിന്‍ തൈ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി 10 ലക്ഷം രൂപയും കുടുംബശ്രീ വാഴകൃഷി യൂനിറ്റുകള്‍ക്കായി 30 ലക്ഷം രൂപയും വൃക്ഷവത്കരണ പദ്ധതികള്‍ക്കായി 44 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലക്ക് 16.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിന്റെ അധീനതയിലുള്ള ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, മറ്റ് സാങ്കേതിക തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം ഭൗതിക പഠന നിലവാരമുയര്‍ത്തുന്നതിനു സഹായകരമായ രീതിയിലാണ് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വ്യായയാമ ഉപകരണങ്ങള്‍ വാങ്ങാന്‍ 1.5 ലക്ഷം, സ്‌കൂളുകള്‍ക്ക് നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ വാങ്ങാന്‍ 20 ലക്ഷം, സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിന് 5.19കോടി രൂപ, കുട്ടികളുടെ വളര്‍ച്ചാവൈകല്യം- ഓട്ടിസം കണ്ടെത്തലും ചികിത്സയും എന്ന പദ്ധതിക്ക് അഞ്ച് ലക്ഷം, മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് 40 ലക്ഷം, പേരാമ്പ്രയിലെ വനിതാ ഹോസ്റ്റലില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ 21.5 ലക്ഷം, കെട്ടിടമില്ലാത്ത അങ്കണ്‍വാടികള്‍ക്ക് കെട്ടിടം പണിയാന്‍ 50 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.
പട്ടികജാതിക്കാരുടെ കുടിവെള്ള പദ്ധതിക്കായി 75 ലക്ഷം രൂപയും റോഡ് പ്രവൃത്തികള്‍ക്ക് 5.5 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പട്ടിക വര്‍ഗത്തിന് ഭവന നിര്‍മാണത്തിന് 30 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്ക് 90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ചാത്തമംഗലത്തെ റീജ്യനല്‍ പൗള്‍ട്രി ഫാമിന്റെയും ജില്ലാ മൃഗാശുപത്രിയുടെയും ക്ഷീരവികസന വകുപ്പിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 1.4 കോടി രുപയും ക്ഷീരഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കാന്‍ ഒരു കോടി രൂപയും, മുട്ടഗ്രാമം പദ്ധതിക്കായി അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
സാമൂഹികക്ഷേമ മേഖലക്ക് 2.5 കോടിയിലധികം രൂപയാണ് നീക്കിവെക്കുന്നത്. വിധവകള്‍ക്ക് ചെരുപ്പ് നിര്‍മാണ യൂനിറ്റിന് അഞ്ച് ലക്ഷം രൂപയും സ്ത്രീ ശാക്തീകരണ പദ്ധതിയായ നിര്‍ഭയക്ക് വേണ്ടി അഞ്ച് ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ സേവന രംഗത്തെ ഇടപെടല്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കായി 1.5 കോടിയോളം രൂപയും മാറ്റിവെക്കും.
ചെറുവണ്ണൂര്‍ നല്ലളം വ്യവസായ എസ്‌റ്റേറ്റിന്റെ വിപുലീകരണത്തിനായി 4.3 കോടി രൂപയും, ഫറോക്കില്‍ വനിതാ വ്യവസായ കേന്ദ്രത്തിന് 20 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സംഘങ്ങള്‍ക്ക് യാനവും വലയും ലഭ്യമാക്കാന്‍ 10 ലക്ഷം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായമായും പഠനോപകരണങ്ങള്‍ നല്‍കുന്നതിനും 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.