കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കണമെന്ന്

Posted on: March 24, 2015 9:23 am | Last updated: March 24, 2015 at 9:23 am
SHARE

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന്റെ വികസനത്തിനാവശ്യമായ 157 ഏക്കര്‍ ഭൂമി 15 വര്‍ഷമായിട്ടും സര്‍ക്കാറുകള്‍ക്ക് ഒഴിപ്പിച്ചെടുക്കാനാകാത്ത സാഹചര്യത്തില്‍ വിമാനത്താവളത്തെ ലിമിറ്റഡ് കമ്പനിയാക്കിയുള്ള സ്വകാര്യവത്കരണം വികസനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലിക്കറ്റ് ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ റണ്‍വേ വികസനവും, രണ്ടാം ടെര്‍മിനലുമെല്ലാം ദ്രുതഗതിയില്‍ സാധ്യമാകും. സ്വകാര്യവത്കരിക്കാന്‍ പോകുന്ന ജയ്പൂര്‍, ലക്‌നൗ, ഗുവാഹട്ടി, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ കോഴിക്കോടിനെയും ഉള്‍പ്പെടുത്തണം. വിമാനത്താവളത്തിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് മള്‍ട്ടി പാര്‍ക്കിംഗ് സമുച്ചയം നിര്‍മിക്കണം. ലിമിറ്റഡ് കമ്പനിയാക്കിയുള്ള സ്വകാര്യവത്കരണത്തിന് നൂറ് ശതമാനം വിജയ സാധ്യത പ്രതീക്ഷിക്കുന്നതായും ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിവേദനം കേന്ദ്ര വ്യോമയാന മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി ഗംഗാധരന്‍, സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍, ഡോ. കെ മൊയ്തു, മുനീര്‍ കുരുംബടി, ഹാഷിം കെ, കുഞ്ഞോത്ത് അബൂബക്കര്‍ പങ്കെടുത്തു.