Connect with us

Kozhikode

ഓട്ടു കമ്പനി ഉടമകളുടെ നിലപാട് അപലപനീയം: സമര സഹായ സമിതി

Published

|

Last Updated

ഫറോക്ക്: കളിമണ്ണ് ലഭ്യമാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടും ഫറോക്കിലെ ഓട്ടു കമ്പനി സമരം ഒത്തുതീര്‍പ്പാക്കാത്ത ഓട്ടു കമ്പനി ഉടമകളുടെ നിലപാട് അപലപനീയമാണെന്ന് സമരസഹായ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2014 നവംബര്‍ ഒന്ന് മുതല്‍ ശമ്പള കരാര്‍ പുതുക്കേണ്ടത് സംബന്ധിച്ച് എല്ലാം കമ്പനികള്‍ക്കും യൂനിയനുകള്‍ നോട്ടീസ് നല്‍കുകയും ലേബര്‍ ഓഫീസറും ആര്‍ ജെ എല്‍ സിയും ജില്ലാ കലക്ടറും എം എല്‍ എയും ചര്‍ച്ച നടത്തുകയും ചെയ്തപ്പോള്‍ കളിമണ്ണ് ലഭിക്കുന്നതിനുള്ള അനുവാദം സര്‍ക്കാറില്‍ നിന്ന് ലഭിച്ചാലേ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ചര്‍ച്ചയുള്ളൂ എന്ന നിലപാടാണ് ഉടമകള്‍ സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് ജനുവരി 20 മുതല്‍ തൊഴിലാളികള്‍ പണിമുടക്കി സമരം തുടങ്ങിയത്. എന്നാല്‍ ചില കമ്പനികള്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ട ഡിമാന്റ് 50 ശതമാനം വര്‍ധനവും നടപ്പാക്കി ഒത്തു തീര്‍പ്പിലെത്തി. ശേഷിക്കുന്ന അഞ്ച് കമ്പനികളിലായി 40 ശതമാനം തൊഴിലാളികളാണ് കരാര്‍ പുതുക്കാാത്തതു കാരണം ഇപ്പോള്‍ പണിമുടക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 18 ന് തൊഴില്‍മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കളിമണ്ണ് ലഭിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവ് ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും തീരുമാനിച്ചിരുന്നു. കളിമണ്ണ് പ്രശ്‌നം പരിഹാരം കണ്ട നിലക്ക് മറ്റു കമ്പനികള്‍അംഗീകരിച്ച ശമ്പള കരാര്‍ സമരം നടക്കുന്ന കമ്പനികളും അംഗീകരിച്ചു ഒത്തുതീര്‍പ്പുണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഒന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞ് ഉടമകള്‍ പിന്മാറുകയാണ് ഉണ്ടായതെന്ന് സമരസഹായ സമിതി നേതാക്കള്‍ പറഞ്ഞു. കളിമണ്ണ് ലഭ്യമായാല്‍ ശമ്പളവര്‍ധനവ് കരാര്‍ അംഗീകരിക്കാമെന്ന് പറഞ്ഞ ഉടമകള്‍ ഇപ്പോള്‍ നയം മാറ്റുന്ന നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും നേതാക്കള്‍ പറഞ്ഞു. വി മുഹമ്മദ് ഹസ്സന്‍, പി സുബ്രഹ്മണ്യന്‍ നായര്‍, പിലാക്കാട്ടു ഷണ്മുഖന്‍, നാരങ്ങയില്‍ ശശീധരന്‍, മൂലയില്‍ ഹരിദാസന്‍ പങ്കെടുത്തു.

Latest