നരിക്കുനി ഗവ. ആശുപത്രിയില്‍ എക്‌സ്‌റെ കെട്ടിടം അടച്ചുപൂട്ടി; രോഗികള്‍ ദുരിതത്തില്‍

Posted on: March 24, 2015 9:20 am | Last updated: March 24, 2015 at 9:20 am
SHARE

നരിക്കുനി: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രവര്‍ത്തനം തുടങ്ങിയ നരിക്കുനി ഗവ. ആശുപത്രിയില്‍ എക്‌സ്‌റേ കെട്ടിടം അടച്ചുപൂട്ടിയത് രോഗികളെ ദുരിതത്തിലാക്കുന്നു. എക്‌സ്‌റെ മെഷീനില്‍ നിന്നുള്ള കിരണങ്ങളുടെ അമിതപ്രവാഹം കാരണമാണ് അടച്ചുപൂട്ടിയത്. നേരത്തെ തന്നെ ഈ പരാതി നിലവിലുണ്ടായിരുന്നെന്നും രണ്ട് മാസമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. എക്‌സ്‌റെ കെട്ടിടം നിര്‍മിച്ച് 10 വര്‍ഷത്തിന് ശേഷം 2011 സെപ്തംബറിലാണ് ഉദ്ഘാടനം ചെയ്ത് എക്‌സ്‌റെ മെഷീന്‍ പ്രവര്‍ത്തനം തുടങ്ങിയത്.
കുറഞ്ഞ നിരക്കില്‍ രോഗികളുടെ എക്‌സ്‌റെ എടുത്തിരുന്ന ഈ സൗകര്യം നിലച്ചതോടെ പാവപ്പെട്ട രോഗികള്‍ ഏറെ പ്രയാസപ്പെടുകയാണ്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എക്‌സ്‌റെയെടുക്കേണ്ട സാഹചര്യങ്ങളില്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. എക്‌സ്‌റെ മെഷീനിലെ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.