Connect with us

National

ബി ജെ പിയെ പ്രതിരോധത്തിലാക്കി വീണ്ടും മുഫ്തി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സഖ്യ കക്ഷിയായ ബി ജെ പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്. സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ- അഫ്‌സ്പ) ക്രമേണ ദുര്‍ബലപ്പെടുത്തുമെന്ന മുഫ്തിയുടെ പ്രസ്താവനയാണ് ബി ജെ പിക്ക് തലവേദനയാകുന്നത്. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സംസാരിക്കവെയാണ് മുഫ്തി ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ വാറണ്ട് കൂടാതെ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ.
ജമ്മു, സാംബ, കത്വ ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം “പ്രശ്‌നബാധിത പ്രദേശങ്ങള്‍” പുനര്‍വിജ്ഞാപനം ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നതായും മുഫ്തി ചൂണ്ടിക്കാട്ടി.
അതേസമയം, ജമ്മു കാശ്മീരില്‍ സുഗമമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചതില്‍ പാക്കിസ്ഥാനെയും ഹുര്‍റിയത്തിനെയും പ്രകീര്‍ത്തിച്ച നിലപാടില്‍ നിന്ന് മുഫ്തി മലക്കം മറിഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് നടത്തിയതിനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ മുഫ്തി ശ്ലാഘിച്ചു. സുഗമമായി തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ച പാക്കിസ്ഥാനെയും ഹുര്‍റിയത്ത്, വിഘടനവാദി സംഘടകളെയും മുഖ്യമന്ത്രിയായതിനു പിന്നാലെ മുഫ്തി പ്രകീര്‍ത്തിച്ചത് വിവാദമായിരുന്നു.
മുഫ്തിയുടെ പ്രസ്താവനയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ, പാര്‍ലിമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പി ഡി പി മന്ത്രിമാര്‍ രംഗത്തെത്തിയതും ഹുര്‍റിയത്ത് തീവ്രവാദി വിഭാഗം നേതാവ് മസ്‌റത്ത് ആലമിനെ മോചിപ്പിച്ചതും ബി ജെ പിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Latest