Connect with us

National

ശശി കപൂറിന് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ശശി കപൂറിന് ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ്. ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. എഴുപത്തിയേഴാം ജന്മദിനാഘോഷത്തിനിടെയാണ് ശശി കപൂറിനെ തേടി പുരസ്‌കാരം എത്തുന്നത്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശശി കപൂര്‍, മൂന്ന് ദശാബ്ദത്തോളം ബോളിവുഡിലെ മുന്‍നിര നായകരിലൊരാളായി തിളങ്ങി.
1938ല്‍ കൊല്‍ക്കത്തയിലാണ് ശശി കപൂറിന്റെ ജനനം. പിതാവ് പൃഥ്വിരാജ് കപൂര്‍ സംവിധാനം ചെയ്ത നാടകങ്ങളിലൂടെയാണ് അഭിനയത്തിന് തുടക്കമിട്ടത്. രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയ പ്രണയനായകന്‍. 1961ല്‍ ഇറങ്ങിയ ധര്‍മപുത്രയിലൂടെയാണ് നായകനാകുന്നത്.
ജബ് ജബ് ഫൂല്‍ കിലേ, ദീവാര്‍, കഭി കഭി, ത്രിശൂല്‍, സത്യം ശിവം സുന്ദരം തുടങ്ങി 160ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഷേക്‌സ്പിയര്‍ വാല, ഹീറ്റ് ആന്‍ഡ് ഡെസ്റ്റ് തുടങ്ങി പന്ത്രണ്ട് ഇംഗ്ലീഷ് സിനിമകളും ഇതില്‍ ഉള്‍പ്പെടും. 1986ല്‍ ന്യൂ ഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 93ല്‍ മുഹാഫിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും 79 ല്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജുനൂന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവെന്ന നിലയിലും ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. അഭിനയത്തിനു പുറമെ സംവിധായകന്‍, സഹ സംവിധായകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജുനൂന്‍ എന്ന ചിത്രത്തിന് പുറമെ കലിയുഗ്, വിജേത, ഉത്സവ് തുടങ്ങിയ ആറ് ചിത്രങ്ങള്‍ നിര്‍മിക്കുകയും അജൂബ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. 2011ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.
സ്വര്‍ണ കമലവും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം. പ്രമുഖ ഗാനരചയിതാവ് ഗുല്‍സാറിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫാല്‍കെ പുരസ്‌കാരം.

Latest