Connect with us

National

ചര്‍ച്ചയുടെ വാതില്‍ തുറന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: മുഴുവന്‍ വിഷയങ്ങളിലും സമാധാനപരമായ സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചക്ക് പാക്കിസ്ഥാന്‍ സന്നദ്ധമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് അയച്ച കത്തിലാണ് ചര്‍ച്ചയുടെ വാതിലുകള്‍ മോദി തുറന്നിട്ടത്.
പാക് ദേശീയ ദിനത്തില്‍ ആശംസകളറിയിച്ചുകൊണ്ട് നവാസ് ശരീഫിന് താന്‍ എഴുതിയിട്ടുണ്ടെന്നും തീവ്രവാദവും സംഘര്‍ഷവുമില്ലാത്ത സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന തന്റെ കാഴ്ചപ്പാട് പങ്കുവെച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.
1940ലെ ലാഹോര്‍ പ്രമേയത്തെയും 1956 മാര്‍ച്ച് 23ലെ റിപ്പബ്ലിക് പ്രഖ്യാപനത്തിന്റെയും ഓര്‍മയിലാണ് പാക്കിസ്ഥാന്‍ ദേശീയ ദിനം ആചരിക്കുന്നത്.
അതിനിടെ, ജമ്മു കാശ്മീര്‍ അടക്കമുള്ള മുഴുവന്‍ വിഷയങ്ങളിലും അര്‍ഥവത്തായ ചര്‍ച്ചക്ക് തന്റെ രാജ്യം ഒരുക്കമാണെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. ഹൈക്കമ്മീഷനില്‍ നടന്ന ദേശീയ ദിന പരിപാടിയില്‍ പ്രതിരോധ, വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് പങ്കെടുത്തു.

Latest