എല്‍ ഡി ക്ലര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തിക: ഉത്തരവ് പുറപ്പെടുവിച്ചു

Posted on: March 24, 2015 5:27 am | Last updated: March 24, 2015 at 12:27 am
SHARE

തിരുവനന്തപുരം: ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ വിവിധ വകുപ്പുകളിലെ പ്രതീക്ഷിത എല്‍ ഡി ക്ലാര്‍ക്ക് ഒഴിവുകള്‍ക്ക് തത്തുല്യമായ എണ്ണം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവായി. ഇതനുസരിച്ച് 30 നകം വിവിധ വകുപ്പുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതീക്ഷിത എല്‍ ഡി ക്ലാര്‍ക്ക് ഒഴിവുകള്‍ക്ക് തത്തുല്യമായ എണ്ണം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടികുവാനുളള അനുമതിയാണ് വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും നല്‍കിയത്.
പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത സൂപ്പര്‍ ന്യൂമററി തസ്തികകളുടെ എണ്ണം വ്യക്തമാക്കി അതത് വകുപ്പുമേധാവികളോ, നിയമനാധികാരികളോ ഉത്തരവ് പുറപ്പെടുവിക്കണം. ജൂണ്‍ 30 വരെ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകള്‍ക്ക് പകരമായിരിക്കും ഈ ഉത്തരവു പ്രകാരം സൃഷ്ടിക്കുന്ന തസ്തികകള്‍. നിയമനാധികാരികള്‍ ജൂണ്‍ 30 വരെയുളള ഒഴിവുകള്‍ക്ക് തത്തുല്യമായി സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകള്‍ക്ക് പകരമുളളതായതിനാല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകള്‍ പിന്‍വലിച്ചതായി കണക്കാക്കും. ഇക്കാര്യം നിയമനാധികാരികള്‍ പി എസ് സി യെ അറിയിക്കണം. റെഗുലര്‍ വേക്കന്‍സികള്‍ ഉണ്ടാകുന്ന മുറക്ക് പി എസ് സി അഡൈ്വസ് ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കണം.
ഇതുപ്രകാരം സൃഷ്ടിക്കുന്ന സൂപ്പര്‍ന്യൂമററി തസ്തികകളുടെയും പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെയും വിശദ വിവരം നിയമനാധികാരികള്‍ വകുപ്പുമേധാവികളെയും ബന്ധപ്പെട്ട ഭരണ വകുപ്പിനെയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെയും 30 ന് മുമ്പ് അറിയിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലാര്‍ക്ക് തസ്തികകളുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിലെ നിയമനത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം.