നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: March 24, 2015 5:26 am | Last updated: March 24, 2015 at 12:27 am
SHARE

തൃശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷനല്‍ നാടക മത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നാടകത്തിനും സംവിധായകനും ഉള്‍പ്പെടെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ് കായംകുളത്തിന്റെ പ്രണയസാഗരം അവാര്‍ഡുകളില്‍ ഭൂരിഭാഗവും നേടി. മികച്ച നാടകാവതരണത്തിനുള്ള ശില്‍പവും പ്രശംസാ പത്രവും 40,000 രൂപയും പ്രണയസാഗരത്തിനാണ്. മികച്ച സംവിധായകനായി പ്രണയസാഗരത്തിന്റെ സംവിധായകന്‍ മനോജ് നാരായണനെ തിരഞ്ഞെടുത്തു. ശില്‍പവും പ്രശംസാപത്രവും 20,000 രൂപയുമാണ് അവാര്‍ഡ്. അബ്രഹാം എന്ന നാടകത്തിലൂടെ ഖാലിദ് കെടാമംഗലം മികച്ച നടനായും ഒറ്റമരത്തണലിലൂടെ ബിന്ദു സുരേഷ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ശില്‍പവും പ്രശംസാപത്രവും 20,000 രൂപയുമാണ് അവാര്‍ഡ്. അബ്രഹാം, ഒറ്റമരത്തണല്‍ എന്നീ നാടകങ്ങളുടെ രചന നിര്‍വഹിച്ച ഫ്രാന്‍സിസ് ടി. മാവേലിക്കരയാണ് മികച്ച നാടകകൃത്ത്.
സംഗീതനാടക അക്കാദമിക്കു ലഭിച്ച 45 നാടക സ്‌ക്രിപ്റ്റുകളില്‍നിന്ന് തിരഞ്ഞെടുത്ത 10 നാടകങ്ങളാണ് പ്രൊഫഷനല്‍ നാടകമത്സരത്തില്‍ മാറ്റുരച്ചത്. തിരഞ്ഞെടുത്ത പത്ത് നാടകങ്ങള്‍ക്കും ഒരുലക്ഷം രൂപ സബ്‌സിഡി നല്‍കുമെന്ന് ജൂറി ചെയര്‍മാന്‍ മോഹന്‍, ജൂറി അംഗം ലീലാ പണിക്കര്‍, സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍നായര്‍, പ്രോഗ്രാം ഓഫീസര്‍ എ വി രാജീവന്‍, അഡ്വ. മേതില്‍ വേണുഗോപാല്‍ എന്നിവര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.