വി എം സുധീരന്‍ അപവാദ പ്രചാരണം നിര്‍ത്തണം: വി മുരളീധരന്‍

Posted on: March 24, 2015 5:25 am | Last updated: March 24, 2015 at 12:26 am
SHARE

കോഴിക്കോട്: മരുന്നുവില പുതുക്കി നിശ്ചയിച്ച നടപടിയുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നടത്തുന്ന അപവാദ പ്രചാരണം നിര്‍ത്തണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഈ വിഷയം ചൂണ്ടിക്കാട്ടി സുധീരന് തുറന്ന കത്തയച്ചതായും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ 509 ഇനം മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ കേന്ദ്ര മന്ത്രി അനന്തകുമാറിന് കത്തയച്ചതായി അറിഞ്ഞു. മാധ്യമവാര്‍ത്തകളില്‍ നിന്ന് 509 ഇനം മരുന്നുകളുടെ വില കുറച്ചതായാണ് മനസ്സിലാക്കാന്‍ സാധിച്ചത്.
മരുന്നുവില കുറക്കാന്‍ എടുത്ത തീരുമാനം റദ്ദാക്കണം എന്നാണോ അയച്ച കത്തിലൂടെ സുധീരന്‍ ആവശ്യപ്പെട്ടത് എന്ന സംശയമാണ് പ്രസ്താവന വായിച്ചപ്പോള്‍ ഉണ്ടായത്. കേന്ദ്രത്തില്‍ ദീര്‍ഘകാലം ഭരണം നടത്തിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലക്ക് കെ പി സി സി പ്രസിഡന്റ് എന്ന പദവിക്ക് ഭൂഷണമാണോ ഇത്തരത്തിലുള്ള പ്രചരണമെന്ന് പരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
പയ്യോളിയിലെ ബി എം എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണ് ശ്രമം. നിയമസഭയില്‍ നടന്ന സംഭവങ്ങളുമായി ചീഫ് മാര്‍ഷല്‍ നല്‍കിയ മൊഴിയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കണ്ടാലറിയുന്ന എം എല്‍ എമാര്‍ എന്നാണ് ചീഫ് മാര്‍ഷല്‍ നല്‍കിയ മൊഴിയിലുള്ളത്. 26,27 തീയതികളില്‍ ജില്ലാകേന്ദ്രങ്ങളില്‍ ബി ജെ പി ജനാധിപത്യ സംരക്ഷണറാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.