Connect with us

Kerala

പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് കോര്‍പറേഷന്‍ ബജറ്റ് അവതരണം

Published

|

Last Updated

കോഴിക്കോട്: അഞ്ച് അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സി പി എം നേതാവും കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറുമായ പ്രൊഫ. പി ടി അബ്ദുല്‍ ലത്വീഫ് ബജറ്റ് അവതരപ്പിച്ചതിനെതിരെ പ്രതി പക്ഷത്തിന്റെ രൂക്ഷ പ്രതിഷേധം. ബജറ്റവതരണത്തെ തടസ്സപ്പെടുത്താതെ പ്ലക്കാര്‍ഡുകളും മുദ്രാ വാക്യങ്ങളുമുയര്‍ത്തിയാണ് പ്രതിപക്ഷം ബജറ്റവതരണത്തിനെതിരെ പ്രതിഷേധിച്ചത്. പ്രതിപക്ഷ മുദ്രാവാക്യങ്ങളെ ചെറുക്കാനായി ഭരണപക്ഷം വലിയ രണ്ട് സ്പീക്കറാണ് കൗണ്‍സില്‍ ഹാളില്‍ സ്ഥാപിച്ചിരുന്നത്. ഇതിനെ അവഗണിച്ച് ബജറ്റ് പ്രസംഗം വായിച്ച് തീരുന്നതുവരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
നിയമസഭയില്‍ ഉണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന ഭയത്താല്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മേയറുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ സി ഐ അശ്‌റഫിന്റെ നേതൃത്വത്തില്‍ അറുപത്തിയഞ്ച് പോലീസുകാരും ഷാഡോ പോലീസുമടക്കം നൂറിലധികം പോലീസുകാരാണ് സുരക്ഷ ഒരുക്കിയത്. കൗണ്‍സിലിനുള്ളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം യൂത്ത്‌ലീഗ്, ബി ജെ പി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഗേറ്റിന് മുമ്പില്‍ പോലീസ് തടഞ്ഞു . യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പോലീസുമായി ചെറിയ തോതില്‍ ഉന്തും തള്ളിനും ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് പിന്തിരിപ്പിച്ചു.
ബജറ്റ് തുടങ്ങുന്നതിന് മുമ്പേ കോര്‍പറേഷന്‍ ഓഫീസിന്റെ പ്രധാന വേദികളെല്ലാം പോലീസ് തടഞ്ഞിരുന്നു. മൂന്നു മണിയോടെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി പ്ലകാര്‍ഡുമായി പ്രതിപക്ഷം സഭയിലെത്തി. പ്രതിപക്ഷ നേതാവ് എം ടി പത്മ നേതൃത്വം നല്‍കി. ഇതിനിടെ മേയര്‍ കോര്‍പറേഷന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സുരക്ഷയില്‍ സഭയിലെത്തി. ഈ സമയം എഴുന്നേറ്റ് നിന്ന് പ്രതിപക്ഷ സീറ്റിലിരുന്ന അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. മേയര്‍ ബജറ്റവതരിപ്പിക്കാന്‍ പ്രൊഫ പി ടി അബ്ദുല്‍ലത്വീഫിനെ ക്ഷണിച്ചു. അദ്ദേഹം എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളി ഉയര്‍ന്നു. ഡെപ്യൂട്ടി മേയര്‍ക്കെതിരായ എഫ് ഐ ആറിന്റെ കോപ്പി പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദാലി ഉയര്‍ത്തിക്കാട്ടി. ബജറ്റ് പ്രസംഗം അവസാനിക്കും വരെ മുദ്രാവാക്യ വിളി തുടര്‍ന്നു. മന്ത്രി കെ എം മാണിയുടെ ബാര്‍കോഴ ആരോപണത്തിന്റെ പേരില്‍ സംസ്ഥാന ബജറ്റ് തടസ്സപ്പെടുത്തിയ എല്‍ ഡി എഫ് കോഴിക്കോട്ടെ സി പി എമ്മിന്റെ അഴിമതി എന്തേ കാണാത്തതെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മ ചോദിച്ചു.

 

Latest