Connect with us

Kerala

കേരളത്തില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ കുറവ്‌

Published

|

Last Updated

കൊല്ലം: കേരളത്തില്‍ ക്ഷയരോഗ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2009ല്‍ 27,000 ക്ഷയരോഗ ബാധിതരുണ്ടായിരുന്നയിടത്ത് 2013ല്‍ 23,000 ആയി കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലാണ് ക്ഷയരോഗികള്‍ ഏറ്റവും കുറവ്. ഇവിടത്തെ ശുദ്ധവായുവും ജനസാന്ദ്രത കുറവുമാണ് ഇതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

നാല് ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലാണ് ക്ഷയ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം. ഒന്നാം നിര മരുന്നുകളെ പ്രതിരോധിക്കുന്ന മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍ഡ് ക്ഷയരോഗ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്നതും കേരളത്തിലാണ്. കൊല്ലം ജില്ലയില്‍ രണ്ടായിരം ക്ഷയ രോഗബാധിതരുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. രോഗം കണ്ടെത്താനുള്ള എളുപ്പ മാര്‍ഗം നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുകയെന്നതാണ്. മുംബൈ നഗരപ്രദേശങ്ങളില്‍ 20 ശതമാനം ക്ഷയ രോഗികളിലും ഇത്തരം മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍ഡ് ക്ഷയരോഗം കണ്ടെത്തുമ്പോള്‍ കേരളത്തില്‍ ഇത് മൂന്ന് ശതമാനം മാത്രമാണ്. ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖല ശക്തമായ ഇടപെടലാണ് നടത്തിവരുന്നത്. 96 അംഗീകൃത കഫ പരിശോധനാ കേന്ദ്രങ്ങള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 200 സ്വകാര്യാശുപത്രികളില്‍ സൗജന്യ ക്ഷയരോഗ ചികിത്സയും നടക്കുന്നു. ആയുര്‍വേദം, ഹോമിയോ ചികിത്സാരീതികളും ക്ഷയരോഗ നിയന്ത്രണത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന പ്രമേഹമാണ് ക്ഷയ രോഗ നിയന്ത്രണത്തിന് പ്രധാന വെല്ലുവിളിയാവുന്നത്. കേരളത്തില ക്ഷയരോഗികളില്‍ 40 ശതമാനവും പ്രമേഹ രോഗ ബാധിതരാണ്. പുകയില ഉപയോഗം, മദ്യപാനം എന്നിവയും പ്രതിരോധ ശേഷി കുറക്കുന്നു. മൈക്കോ ബാക്ടീരിയ എന്ന രോഗാണുവാണ് ക്ഷയ രോഗം പരത്തുന്നത്. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കള്‍ വായുവില്‍ കലരുന്നത്.

Latest