മത്സ്യബന്ധനമേഖല കുത്തകവത്കരണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ പുതിയനിയമം വരുന്നു

Posted on: March 24, 2015 5:20 am | Last updated: March 24, 2015 at 12:21 am
SHARE

കൊച്ചി: രാജ്യത്തെ മത്സ്യബന്ധനമേഖലയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഡോ. മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മത്സ്യ ബന്ധനമേഖലയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ മത്സ്യബന്ധന മേഖലക്ക് തിരിച്ചടിയായി പുതിയ നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശത്തെ ഹനിക്കുകയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന നിയമനിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സമുദ്ര മത്സ്യബന്ധന ബില്‍ -2012 കഴിഞ്ഞ ഒമ്പതാം തീയതി മൃഗപരിപാലന, മത്സ്യവകുപ്പ് പുറത്തിറക്കി.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ ബില്‍ അങ്ങേയറ്റം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേരളമത്സ്യതൊഴിലാളി ഐക്യവേദി (ടി യു സി ഐ ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. കടല്‍ മേഖലയിലെ ശിക്ഷാനടപടികളും ക്രമപ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും മാത്രം പരിശോധിക്കുന്ന നിര്‍ദിഷ്ട ബില്ല് അശാസ്ത്രീയവും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ നിരാകരിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ദിഷ്ട ബില്ലിലെ നിര്‍വചനങ്ങള്‍ തന്നെ തികച്ചും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്ന മത്സ്യതൊഴിലാളികളെ സംബന്ധിച്ച നിര്‍വചനം ബില്ലില്‍ ഒരിടത്തുമില്ല. അതേസമയം മാസ്റ്റര്‍, ഉടമസ്ഥന്‍ (ഓണര്‍), കമ്പനി തുടങ്ങിയവയെ വ്യാഖ്യാനിക്കുന്നുമുണ്ട്. മത്സ്യമേഖലയില്‍ പിടിമുറുക്കുന്ന കുത്തകകള്‍ക്കു വേണ്ടി തന്നെയാണ് ഈ നിയമ നിര്‍മാണമെന്നാണ് ആരോപണം.
ഭരണഘടനയുടെ 246 ാം അനുച്ഛേദം, ഷെഡ്യൂള്‍ 6, ലിസ്റ്റ് 21 പ്രകാരം മത്സ്യം ഒരു സംസ്ഥാന വിഷയവും 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള തീരക്കടലിന്റെ പരിപാലന അവകാശം സംസ്ഥാനങ്ങളില്‍ നിക്ഷിപ്തവുമാണ്. എല്ലാ തീര സംസ്ഥാനങ്ങളും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. പുതിയ ബില്ല് ഈ നിയമങ്ങളെ അവഗണിക്കുകയും സംസ്ഥാന അധികാരങ്ങളോട് അജ്ഞത പുലര്‍ത്തുകയും ചെയ്യുന്നതായാണ് വിലയിരുത്തല്‍. തീരക്കടലിലെ മത്സ്യമേഖലയിലെ പരിപാലനവും ക്രമസമാധാന വിഷയവുമായും ബന്ധപ്പെട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പോലീസും വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. ഇവയ്ക്കു പകരം ഈ അധികാരം കൂടി കോസ്റ്റ് ഗാര്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്. കടലിലെ ഏതു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന യാനങ്ങളെ പരിശോധിക്കാനും, അവയുടെ പ്രവര്‍ത്തനം തടയാനും പുതിയ ബില്ല് പ്രകാരം കോസ്റ്റ്് ഗാര്‍ഡിന് അവകാശമുണ്ട്. ഇത് സംസ്ഥാന അധികാരങ്ങളിലുള്ള കടന്നു കയറ്റമാണെന്നും മത്സ്യബന്ധന മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍ദിഷ്ട ബില്ലിലെ മൂന്നാം സെക്്ഷന്‍ പ്രകാരം 126 നോട്ടിക്കല്‍ മൈലിനു പുറത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ യാനങ്ങളും കേന്ദ്രസര്‍ക്കാറിന്റെ പെര്‍മിറ്റ്് എടുത്തിരിക്കണം. അല്ലാതെ പ്രവര്‍ത്തിക്കുന്ന യാനങ്ങളുടെ ലീഡറോ ഉടമസ്ഥനോ വലിയ പിഴ നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഐക്യരാഷ്്ട്ര സംഘടന അംഗീകരിക്കുകയും അംഗ രാഷ്ട്രങ്ങളോട് നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുള്ള പെരുമാറ്റച്ചട്ടങ്ങളെയും ചെറുകിട മത്സ്യബന്ധന സമൂഹത്തിന്റെ അവകാശ സംരക്ഷണത്തെയും നിരാകരിക്കുന്നതുമാണ് പുതിയ ബില്‍.
മറൈന്‍ ഫിഷറീസ് ബില്‍ 2012 പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ ബന്ധനമേഖലയിലെ ഏല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വന്‍പ്രക്ഷോഭത്തിന് കളമൊരുങ്ങുകയാണ്. 2009 ല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു ബില്ല് കൊണ്ടുവന്നിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ബില്ല് മരവിപ്പിക്കുകയാണുണ്ടായത്.