ഘര്‍ വാപസിയെ കുറിച്ച് ദേശീയ സംവാദം വേണം: രാജ്‌നാഥ് സിംഗ്

Posted on: March 24, 2015 12:14 am | Last updated: March 24, 2015 at 12:14 am
SHARE

rajnath singhന്യൂഡല്‍ഹി: രാജ്യത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയ ഘര്‍ വാപസിയെക്കുറിച്ച് ദേശീയ സംവാദം സംഘടിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ തനതായ സ്വഭാവം നഷ്ടപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കാനാകില്ലെന്നും ജനാധിപത്യമൂല്യം നഷ്ടപ്പെടുത്തിയുള്ള മതപരിവര്‍ത്തനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘര്‍ വാപസിയെക്കുറിച്ച് സമൂഹത്തിലെ തെറ്റിദ്ധാരണ മാറാന്‍ എല്ലാ സമുദായത്തില്‍പ്പെട്ടവരും ചേര്‍ന്ന് സ്‌നേഹസംവാദം നടത്തണം. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തന ക്യാമ്പ് സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും. അതിനാല്‍ ഇത് അനുവദിക്കില്ലെന്നും ഇന്ത്യയില്‍ ജനാധിപത്യ മൂല്യം അനുസരിച്ചാണെങ്കില്‍ അത് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ കടുത്ത ആശങ്ക മാറ്റാന്‍ ഒത്തൊരുമിച്ച് ഭരണകൂടം പ്രവര്‍ത്തിക്കണം. ന്യൂനപക്ഷങ്ങള്‍ ദേശസ്‌നേഹമുള്ളവരാണെന്നാണ് തന്റെ വിശ്വാസമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.