സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ പരിശീലനം: വിമര്‍ശവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്‌

Posted on: March 24, 2015 5:13 am | Last updated: March 24, 2015 at 12:13 am
SHARE

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടക്കുന്ന യോഗ പരിശീലനത്തെ രൂക്ഷമായി വിമര്‍ശിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി.
സൂര്യ നമസ്‌കാരവും യോഗാ പരിശീലനവും ഇസ്‌ലാമിക വിരുദ്ധമാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ സിലബസുകളില്‍ നിന്നും ഇവ നിര്‍ബന്ധമായും എടുത്തു കളയണമെന്ന് മുസ്‌ലിം ലോ ബോര്‍ഡിന്റെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ഖുറൈശി ജയ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇത് ഇസ്‌ലാമിക വിരുദ്ധമാണ്. ഇത്തരം തെറ്റായ കാര്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ല. അതുകൊണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ നിന്നും ഇത് വേഗത്തില്‍ മാറ്റുന്നതിനുള്ള തീരുമാനം കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ 24ാം സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുര്‍റഹ്മാന്‍ ഖുറൈശി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തിന്റെ കെട്ടുറപ്പിന് സമാധാനവും വികസനവും അത്യാവശ്യമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗയും സൂര്യനമസ്‌കാരവും സ്‌കൂള്‍ സിലബസുകളില്‍ നിന്നും എടുത്തുകളയണം. അതുപോലെ മത പുസ്തകങ്ങള്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണം. അവര്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ മതത്തില്‍ വിശ്വസിച്ച് ജീവിക്കുകയാണ്.
എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കതിരെ ഹിന്ദുത്വ ശക്തികള്‍ അവരുടെ അജന്‍ഡ നടപ്പാക്കുകയാണ്.
എം ഐ എം നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയുടെ വികാരപരമായ പ്രസംഗത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.