ഹുര്‍റിയത് നേതാക്കള്‍ക്ക് ക്ഷണം: പാക് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യയുടെ മറുപടി

Posted on: March 24, 2015 5:12 am | Last updated: March 24, 2015 at 12:12 am
SHARE

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ദിനാഘോഷത്തിലേക്ക് ഹുര്‍റിയത് നേതാക്കളെ ക്ഷണിച്ചതില്‍ ഇന്ത്യക്ക് എതിര്‍പ്പുണ്ടാകില്ലെന്ന പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന്റെ പ്രസ്താവനക്ക് ഇന്ത്യയുടെ മറുപടി.
കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ മൂന്നാമതൊരു കക്ഷിക്ക് സ്ഥാനമില്ലെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇത് പലതവണ ആവര്‍ത്തിച്ചതാണ്. ഹുര്‍റിയത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു തെറ്റിദ്ധാരണയുടെയും ആവശ്യമില്ല. ചര്‍ച്ചയില്‍ രണ്ട് കക്ഷികളേയുള്ളൂ. മൂന്നാമതൊരു വിഭാഗത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിംല കരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ സമാധാനപരമായ ചര്‍ച്ച മാത്രമാണ് മുന്നോട്ട് പോകുന്നതിനുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം പറഞ്ഞു.
പാക് ഹൈക്കമ്മീഷനില്‍ നടന്ന പാക്കിസ്ഥാന്‍ ദിനാഘോഷ ചടങ്ങിലേക്ക് ഹുര്‍റിയത് നേതാക്കളെ ക്ഷണിച്ചിരുന്നു. ഇത് വിവാദമായപ്പോഴാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് എതിര്‍പ്പുണ്ടാകില്ലെന്ന് ബാസിത് പറഞ്ഞത്.