Connect with us

National

ഇന്ത്യ 38 രാജ്യങ്ങളിലെ സൈനികര്‍ക്ക് പരിശീലനം നല്‍കും: പ്രതിരോധ മന്ത്രി

Published

|

Last Updated

ഭുവനേശ്വര്‍: സൈനിക ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും 38 രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഇന്ത്യ പദ്ധതി ആവിഷ്‌കരിക്കുന്നതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭുവനേശ്വറില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 38 ഓളം രാജ്യങ്ങള്‍ തങ്ങളുടെ സൈനികരെ പരിശീലനത്തിനായി ഇന്ത്യയിലയക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി നമ്മള്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കുകയാണ്. അത് കൂടാതെ പ്രതിരോധ സാമഗ്രികള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പരിപാടിയും ആസൂത്രണം ചെയ്യുന്നുണ്ട്- പരീക്കര്‍ വ്യക്തമാക്കി. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളാണ് പരിശീലനത്തിനായി ഇന്ത്യയിലേക്ക് സൈനികരെ അയക്കുന്നത് എന്ന വിവരം സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യ ഒരു രാജ്യത്തിനു മേലും ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, സൗഹൃദങ്ങളിലൂടെയും സഹകരണത്തിലൂടെയും സ്വന്തം ശക്തി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് നാവികാഭ്യാസ പ്രകടനം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ നിരവധി നാവികശക്തികള്‍ അതില്‍ ഭാഗഭാക്കാകും. അഭ്യാസപ്രകടനത്തില്‍ പങ്കെടുക്കാന്‍ ചൈനക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.