സുനന്ദയുടെ മരണം: മൊബൈല്‍ ഫോണ്‍ രേഖകള്‍ ഫോറന്‍സിക് വിഭാഗം ഡല്‍ഹി പോലീസിന് കൈമാറി

Posted on: March 24, 2015 5:50 am | Last updated: March 24, 2015 at 12:06 am
SHARE

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അവരുടെ മൊബൈല്‍ ഫോണിലെ ചില നിര്‍ണായക വിവരങ്ങള്‍ ഗാന്ധിനഗര്‍ ആസ്ഥാനമായ ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റ് ഡല്‍ഹി പോലീസിന് കൈമാറി.
ശശി തരൂര്‍ എം പിയുടെ ഭാര്യ സുനന്ദ പുഷ്‌കര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടു എന്നു കരുതിയ വിവരങ്ങളാണ് കൈമാറിയിട്ടുള്ളതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞു.
ഒരാഴ്ച മുമ്പ് തന്നെ ഈ രേഖകള്‍ തങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ അവ പരിശോധിച്ചുവരികയാണ്. ചില രേഖകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. അവ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ട്വിറ്റര്‍, ബ്ലാക്ക്‌ബെറി എന്നിവയില്‍ നിന്ന് നഷ്ടപ്പെട്ട രേഖകള്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ ചോദ്യം ചെയ്തതിന് ശേഷം, ലാപ്‌ടോപ്പ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിരുന്നു. ഇവ പരിശോധിച്ച ശേഷമുള്ള റിപ്പോര്‍ട്ടാണ് ഡല്‍ഹി പോലീസിന് ഇപ്പോ ള്‍ ലഭിച്ചിട്ടുള്ളത്.
2014 ജനുവരിയില്‍ ഡല്‍ഹിയിലെ ലീലാ പാലസിലാണ് ശശി തരൂര്‍ എം പിയുടെ ഭാര്യയും 52കാരിയുമായ സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് പാക്കിസ്ഥാനിലെ വിവാദ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി സുനന്ദ ട്വിറ്ററില്‍ സംസാരിച്ചതായി കണ്ടെത്തിയിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരാറിനെ ചോദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷണവുമായി സഹകരിക്കാന്‍ ഇന്ത്യയിലെത്താന്‍ കഴിയില്ല എന്നായിരുന്നു തരാറിന്റെ പ്രതികരണം.