Connect with us

National

തീവ്രവാദ കേസുകളില്‍ അന്വേഷണം വേഗത്തിലാക്കണം: ആഭ്യന്തര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ആവര്‍ത്തിച്ചുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തീവ്രവാദ കേസുകളില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കത്തയച്ചു.
ചെന്നൈയിലും ബെംഗളൂരുവിലും കഴിഞ്ഞ വര്‍ഷം മെയ്, ഡിസംബര്‍ മാസങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ നിരോധിത സംഘടനയായ സിമിക്ക് ബന്ധമുണ്ടെന്ന് രാജ്‌നാഥ് സിംഗ് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 2013ല്‍ മധ്യപ്രദേശിലെ ഖാന്ദ്വാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സിമി നേതാക്കളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേകമായി അയച്ച കത്തുകളില്‍, അന്വേഷണം ഇഴയുന്ന കേസുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് പൊതുവായി നിര്‍ദേശിച്ചിട്ടുള്ളത്.
വിചാരണയിലിരിക്കെ ഖാന്ദ്വ ജയിലില്‍ നിന്ന് രക്ഷപ്പെട്ട അഞ്ച് സിമി പ്രവര്‍ത്തകര്‍ രാജ്യത്ത് പലയിടത്തും നടന്ന സ്‌ഫോടനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ രാജ്യത്തിന് കടുത്ത ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അയച്ച കത്തില്‍ ആഭ്യന്ത്രമന്ത്രി സൂചിപ്പിക്കുന്നു. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കടമായാണെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പുകളെ കുറിച്ചും കത്തില്‍ പരാമാര്‍ശിക്കുന്നുണ്ട്.
2014 ഡിസംബറില്‍ ബെംഗളുരുവില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാന്‍ ഇതുവരെ കര്‍ണാടക സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തിന്റെ, പ്രത്യേകിച്ച് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ സ്‌ഫോടനങ്ങള്‍ നടക്കാന്‍ ഇടയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടുന്നു.
2014 മെയ് ഒന്നിന് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിമര്‍ശിക്കുന്നത്.