Connect with us

International

ആധുനിക സിംഗപ്പൂരിന്റെ സ്ഥാപക നേതാവ് ലീ ക്വാന്‍ യൂ അന്തരിച്ചു

Published

|

Last Updated

സിംഗപൂര്‍: ആധുനിക സിംഗപ്പൂരിന്റെ ശില്‍പിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂ(91 വയസ്സ്) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ സിംഗപ്പൂരിലെ ജനറല്‍ ആശുപത്രിയില്‍ വെച്ചയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായ ലീ ക്വാന്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്നു. സിംഗപ്പൂര്‍ പ്രധാനമന്ത്രിയും ലീ ക്വാന്റെ മകനുമായ ലീ ഹിസിയന്റെ ഓഫീസാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 29നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബ്രിട്ടീഷ് കോളനിയായിരുന്ന സിംഗപ്പൂരിനെ ആധുനികവത്കരിച്ചത് ഇദ്ദേഹമാണ്. നഗരത്തെ ആഗോള വ്യാപാര കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് സ്മരണീയമാണ്. ചരിത്രത്തിലെ അതികായനെന്നാണ് ഇദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ ശേഷം യു എസ് പ്രസിഡന്റ് ഒബാമ പ്രതികരിച്ചത്.
സിംഗപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ലീ ക്വാന്‍ 1959 ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. മൂന്ന് പതിറ്റാണ്ടിലധികം പ്രധാനമന്ത്രിയായി അദ്ദേഹം തുടര്‍ന്നു. 2011 വരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. ഇതിന് ശേഷം രാഷ്ട്രീയ രംഗത്ത് നിന്ന് മാറിനിന്നെങ്കിലും ഭരണനിയന്ത്രണത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമായിരുന്നു.
സാമ്പത്തിക രംഗത്ത് ലീ കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങള്‍ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പൊതുജന പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
ഏകാധിപത്യ രീതിയിലുള്ള ഭരണരീതിയാണ് ലീ പലപ്പോഴും തുടര്‍ന്നുപോന്നത്.
സിംഗപ്പൂരിന്റെ സ്ഥാപകപിതാവ് വിടപറഞ്ഞിരിക്കുന്നു. അദ്ദേഹം നമ്മെ പ്രചോദിപ്പിച്ചു, ധൈര്യം പകര്‍ന്നു തന്നു, നമ്മെ ഇവിടെയെത്തിച്ചു. അദ്ദേഹം സിംഗപ്പൂര്‍ തന്നെയായിരുന്നു- പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest