യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടെക്‌സാസ് സെനറ്റര്‍ മത്സരിക്കും

Posted on: March 24, 2015 5:56 am | Last updated: March 23, 2015 at 11:56 pm
SHARE

വാഷിംഗ്ടണ്‍ : അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രസും മത്സരിക്കും. തിങ്കളാഴ്ച ട്വിറ്ററിലാണ് ഇദ്ദഹം തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. തന്റെ പാര്‍ട്ടിയിലെ നേതാക്കളുമായി തന്നെ ഇടക്കിടെ ഏറ്റുമുട്ടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യാഥാസ്ഥിതിക നേതാവാണ് ക്രസ്്. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്നും ജനങ്ങളുടെ പിന്തുണ നേടാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ക്രസ് കുറിച്ചു. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഇതോടൊപ്പമുണ്ട്. താന്‍ അമേരിക്കയെയും അമേരിക്കയിലെ ജനങ്ങളെയും വിശ്വസിക്കുന്നു. നമുക്കൊരുമിച്ച് നിന്ന് നമ്മുടെ വാദ്ധാനങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ക്രസ് വീഡിയോയില്‍ പറയുന്നുണ്ട്. യാഥാസ്ഥിക നിലപാടുകളില്‍ വിട്ടുവീഴച ചെയ്യാത്ത നേതാവെന്ന പേര് രണ്ട് വര്‍ഷത്തെ സെനറ്റര്‍ പദവിയിലൂടെ 44 കാരനായ ക്രസ് നേടിയെടുത്തിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് ഇപ്പോള്‍തന്നെ നിരവധി പ്രബലരായ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇന്നാല്‍ ഇവരില്‍ ആരും തന്നെ ഏപ്രിലില്‍ നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് മത്സരം കടക്കുമെന്ന് പ്രതീക്ഷിക്കാവുന്നവരല്ല. എന്നാല്‍ ക്രസിന്റെ കാര്യത്തില്‍ നിരവധി ആഴ്ചകള്‍ക്ക് മുമ്പേ ഇദ്ദേഹത്തിന് മാധ്യമങ്ങളുടെയും വോട്ടര്‍മാരുടെയും ശ്രദ്ധ പിടിച്ചുപറ്റാനായിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ധനശേഖരണ റിപ്പോര്‍ട്ടുകളടക്കം നിരവധി നിയമപ്രശ്‌നങ്ങളെ അതിജീവിക്കേണ്ടതുണ്ട്.