Connect with us

Kannur

കുറ്റവാളികള്‍ക്ക് ഇനി സാമൂഹിക നീതി വകുപ്പിന്റെ നേര്‍വഴി

Published

|

Last Updated

കണ്ണൂര്‍: ചെറിയ കുറ്റങ്ങളുടെ പേരില്‍ കുറ്റവാളികളായി മുദ്രകുത്തപ്പെട്ട് വഴിതെറ്റിപ്പോകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നേര്‍വഴി എന്ന പേരിലാണ് പദ്ധതിയൊരുങ്ങുന്നത്. നീതിന്യായ വകുപ്പിലെ പ്രൊബേഷന്‍ സംവിധാനത്തെ അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച പദ്ധതി ആദ്യഘട്ടം കണ്ണൂര്‍, വയനാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നടപ്പാക്കുന്നത്. എല്ലാതരം കുറ്റവാളികളും ജയിലില്‍ എത്തിച്ചേരുന്നത് കുറ്റവാളിക്കോ സമൂഹത്തിനോ ഗുണകരമാകില്ല എന്ന ആശയത്തില്‍ അധിഷ്ഠിതമായ ബദല്‍ സംവിധാനമാണ് പ്രൊബേഷന്‍ നിയമം മുന്നോട്ടുവെക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി രൂപവത്കരിക്കപ്പെട്ടത്.

കോടതി കുറ്റവാളിയായി കണ്ടെത്തിയ ആളുടെ ശിക്ഷ ഉപാധികളോടെ റദ്ദാക്കി ജയിലിലേക്ക് അയക്കാതെ പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തിന് വിധേയമാക്കാന്‍ പ്രൊബേഷന്‍ നിയമം കോടതിക്ക് അധികാരം നല്‍കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ പ്രായം, മുന്‍കാല ചരിത്രം, കുടുംബ-സാമൂഹിക സാഹചര്യം, മനഃപരിവര്‍ത്തന സാധ്യത എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാണ് ഇത് നടപ്പാക്കുന്നത്.
തടവറയില്‍ അകപ്പെടാതെ കുടുംബ സാമൂഹിക ജീവിതത്തിന്റെ തുടര്‍ച്ച സംരക്ഷിക്കപ്പെട്ടതിലുള്ള ആശ്വാസവും നിരീക്ഷണസമയത്ത് നിയമലംഘനം നടത്തിയാല്‍ ശിക്ഷ ലഭിക്കുമെന്ന ഭയവും ചേര്‍ന്ന് രൂപപ്പെടുന്ന മാനസികാവസ്ഥ കുറ്റവാളിയുടെ സ്വഭാവ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ചെറുകുറ്റങ്ങള്‍ ചെയ്ത് തടവുശിക്ഷ ലഭിക്കുന്നവര്‍ വലിയ കുറ്റവാളികളുമായുള്ള സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ വഴിതെറ്റിപ്പോകുന്ന അവസ്ഥ ഒഴിവാക്കുകയാണ് ഉദ്ദേശ്യം. ഇതോടെ ജയിലുകള്‍ അപകടകാരികളായ കുറ്റവാളികളുടെ മാത്രം തിരുത്തല്‍ കേന്ദ്രമായി മാറും. പദ്ധതി വിജയകരമായാല്‍ ആറുമാസത്തിനുശേഷം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും നടപടിയുണ്ടാകും.