സഭയിലെ അവഹേളനം: വനിതാ എം എല്‍ എമാര്‍ ഗവര്‍ണറെ കണ്ടു

Posted on: March 24, 2015 4:43 am | Last updated: March 23, 2015 at 11:44 pm
SHARE

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയില്‍ വനിതാ എം എല്‍ എമാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വനിതാ എം എല്‍ എമാര്‍ക്കൊപ്പം ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു. വനിതാ എം എല്‍ എമാരെ കൈയേറ്റം ചെയ്തവര്‍ക്കും അവഹേളിച്ചവര്‍ക്കുമെതിരെ ക്രിമിനല്‍ ചട്ടപ്രകാരം നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തെ വനിതാ എംഎല്‍എമാരായ ജമീല പ്രകാശം, ഇ എസ് ബിജിമോള്‍, അയിഷ പോറ്റി, കെ കെ ലതിക, കെ എസ് സലീഖ, ഗീത ഗോപി എന്നിവര്‍ക്കൊപ്പമാണ് വി എസ് അച്യുതാനന്ദന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. പരാതി ലഭിച്ചിട്ടും പോലീസിനു കൈമാറാതെ സ്പീക്കര്‍ നിയമലംഘനം നടത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യു ഡി എഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ സ്പീക്കര്‍ക്കും സര്‍ക്കാറിനും നിര്‍ദേശം നല്‍കണമെന്ന് വി എസ് ആവശ്യപ്പട്ടു. വനിതാ എം എല്‍ എമാര്‍ക്കെതിരെ ഉണ്ടായത് ലൈംഗികാതിക്രമം തന്നെയാണ്. വനിതാ എം എല്‍ എമാര്‍ക്കെതിരെ സഭയിലുണ്ടായ അവഹേളനം വനിതാ അംഗങ്ങളും വി എസ് അച്യുതാനന്ദനും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് വിശദീകരിച്ചു.
നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി മാധ്യമങ്ങളോട് സംസാരിക്കവെ വി എസ് പറഞ്ഞു. വനിതാ എം എല്‍ എമാരെ ചാവേര്‍ എന്നു വിളിക്കുന്ന മുഖ്യമന്ത്രി സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാന്ധിജിയുടെ ആത്മകഥ വായിക്കണം.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയതിനെ എങ്ങനെയാണ് കാണുന്നത്. രാഹുല്‍ പോരാ, പ്രിയങ്ക വേണമെന്ന് പറയുന്നവരാണ് വനിതകളെ ചാവേറുകള്‍ എന്നു വിളിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സരിതയോട് കാണിച്ച അനുകമ്പ പോലും വനിതാ എം എല്‍ എമാരോട് ഭരണപക്ഷം കാണിച്ചില്ലെന്നും, എന്നാല്‍ എം എല്‍ എമാര്‍ക്കും കേരളത്തിലെ നല്ലവരായ സ്ത്രീകള്‍ക്കും വേണ്ടി നിയമപരമായി ചെയ്യാന്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.