പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 740.2 കോടി രൂപ

Posted on: March 24, 2015 5:36 am | Last updated: March 23, 2015 at 11:36 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം 740.2 കോടി രൂപയാണെന്ന് സി എ ജി റിപ്പോര്‍ട്ട്. കെ എസ് ആര്‍ ടി സിയുടെ വ്യാപാര സമുച്ചയ പദ്ധതികള്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തത് മൂലം നഷ്ടം വരുത്തിയതായും ഇന്നലെ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 78 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 34 എണ്ണം 740.92 കോടിയാണ് നഷ്ടം വരുത്തിയത്. യഥാര്‍ഥ നഷ്ടം മറച്ചുവെച്ച് വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 2013-14 ല്‍ 43 പൊതുമേഖലാസ്ഥാപനങ്ങള്‍ 545.32 കോടി രൂപയുടെ ലാഭം നേടി.

എന്നാല്‍, 2014 സെപ്തംബര്‍ 30ന് പ്രവര്‍ത്തനത്തിലുള്ള 83 സ്ഥാപനങ്ങള്‍ക്ക് 198 കണക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കുടിശ്ശികയുണ്ടായിരുന്നു. ഒന്നു മുതല്‍ 11 വര്‍ഷം വരെയുള്ള കണക്കുകളാണ് വിവിധ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കാത്തത്. ലാഭം നേടിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബിവറേജസ് കോര്‍പറേഷനാണ് മുന്നില്‍. 144.28 കോടിയുടെ ലാഭം. കെ എസ് എഫ് ഇ(72.75 കോടി), കെ എഫ് സി(50.16 കോടി), കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്(14.11 കോടി), മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ്(21.37 കോടി) കേരള വ്യവസായ വികസന കോര്‍പറേഷന്‍(18.97 കോടി), എന്നിവയും ലാഭം നേടിയ സ്ഥാപനങ്ങളില്‍ മുന്നിലുണ്ട്. കെ.എസ് ആര്‍ ടി സി 518.67 കോടി നഷ്ടം രേഖപ്പെടുത്തിയപ്പോള്‍, 89.79 കോടിയുമായി കശുവണ്ടി വികസന കോര്‍പറേഷന്‍ തൊട്ടുപിന്നിലെത്തി. 2011 മുതല്‍ 14 വരെയുളള കാലയളവില്‍ സ്ഥാപനങ്ങള്‍ വരുത്തിയ 2315.02 കോടിയുടെ നഷ്ടവും 413.22 കോടിയുടെ നിഷ്ഫലമായ മുതല്‍ മുടക്കും മെച്ചമായ ഭരണ നിയന്ത്രണത്തിലൂടെ ഒഴിവാക്കാമായിരുന്നു.
വൈദ്യുതി ബോര്‍ഡ് 140.42 കോടി ലാഭം കാണിച്ചുവെങ്കിലും അതിന്റെ പ്രവര്‍ത്തനം യഥാര്‍ഥത്തില്‍ 707.87 കോടി നഷ്ടത്തിലാണ് കലാശിച്ചത്. 15.5 ശതമാനം ലാഭം വേണമെന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിയമം പാലിക്കാന്‍, തത്തുല്യമായ തുക ആസ്തിയായി കാണിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി നടപ്പാക്കിയ നാല് ബി ഒ ടി പദ്ധതികളില്‍ ഒന്നു മാത്രമാണ് പൂര്‍ത്തിയാക്കിയത്. നാല് പദ്ധതികള്‍ക്കായി ഇതുവരെ 179.33 കോടി ചെലവഴിച്ചു. എന്നാല്‍ കെ ടി ഡി എഫ് സിയുമായുള്ള വ്യക്തമായ കരാറിന്റെ അഭാവം മൂലം അറ്റമാസ വരുമാനത്തിന്റെ വിഹിതം കോര്‍പറേഷന് ലഭ്യമാകുന്നില്ല. 2012 സെപ്തംബര്‍ മുതല്‍ 2014 ജൂണ്‍ വരെയുള്ള കാലയളവില്‍ അങ്കമാലി പദ്ധതിയില്‍ നിന്ന് മൊത്തം 2.18 കോടി രൂപ ശേഖരിച്ചെങ്കിലും കോര്‍പറേഷന് അതിന്റെ വിഹിതം ലഭിച്ചില്ല. കെട്ടിടങ്ങളുടെ നിര്‍മ്മാണം അനിവാര്യമായ അനുമതിപത്രമില്ലാതെയാണ്. പദ്ധതിയ്ക്ക് യാതൊരുവിധ സാധ്യതാപഠനവും നടത്തിയിട്ടില്ല. പദ്ധതികള്‍ നടപ്പാക്കിയ സ്ഥലത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. തിരുവനന്തപുരം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാവാതെ ഉദ്ഘാടനം ചെയ്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
മുന്‍വര്‍ഷങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് 2013-14 വര്‍ഷത്തില്‍ 34 ലക്ഷം രൂപയുടെ നഷ്ടം വരുത്തി. അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തിലും സംസ്‌കരണത്തിലും വിപണനത്തിലും കാര്യക്ഷമത പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നതാണ് സ്ഥാപനത്തെ പിന്നോട്ടുനയിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.