Connect with us

Sports

റയലിനെ വീഴ്ത്തി ബാഴ്‌സയുടെ കുതിപ്പ്

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ ക്ലാസിക് പോരില്‍ റയല്‍മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സലോണ കീഴടക്കി. ജെറെമി മാത്യു (19), ലൂയിസ് സുവാരസ് (56) ബാഴ്‌സക്കായി ലക്ഷ്യം കണ്ടപ്പോള്‍ റയലിന്റെ ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(31) നേടി.
ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്ത് നേടിയ ജയത്തോടെ ബാഴ്‌സലോണ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നാല് പോയിന്റിന്റെ വ്യക്തമായ ലീഡ് സമ്പാദിച്ചു. 28 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സക്ക് 68 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള റയലിന് 64ഉം മൂന്നാമതുള്ള വലന്‍ഷ്യക്ക് 60ഉം നാലാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 59ഉം പോയിന്റ്.
മെസിയും നെയ്മറും കളിക്കുന്ന ബാഴ്‌സയുടെ സൂപ്പര്‍നിരയില്‍ റയലിന് ശരിക്കും ഭീഷണിയായത് ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസായിരുന്നു. അസാധ്യമായ എനര്‍ജിയോടെ ഓടിക്കളിച്ച സുവാരസ് നേടിയെടുത്ത ഫ്രീകിക്കിലായിരുന്നു ആദ്യ ഗോള്‍. ജയമുറപ്പിച്ച രണ്ടാം പകുതിയിലെ സുവാരസ് ഗോള്‍ ക്ലിനിക്കല്‍ ഫിനിഷായിരുന്നു.
പത്തൊമ്പതാം മിനുട്ടിലാണ് സുവാരസ് ഫ്രീകിക്ക് സമ്പാദിച്ചത്. മെസിയാണ് ഫ്രീകിക്കെടുത്തത്. പന്ത് ബോക്‌സിനുള്ളില്‍ പ്രതിരോധക്കാരുടെ കണ്ണ് വെട്ടിച്ചെത്തിയ ഫ്രഞ്ച് സെന്റര്‍ ബാക്ക് മാത്യുവിലേക്ക്. അളന്ന് തൂക്കിയിട്ട ഹെഡ്ഡറിലൂടെ മാത്യു അത് ഗോളാക്കി. തുടര്‍ന്നും ബാഴ്‌സക്കായിരുന്നു ആധിപത്യം. സുവാരസൊരുക്കിയ സുവര്‍ണാവസരം നെയ്മര്‍ റയല്‍ ഗോളി കസിയസിന്റെ കൈകളിലേക്കാണടിച്ചു കൊടുത്തത്. തുടര്‍ന്നായിരുന്നു റയലിന്റെ തിരിച്ചുവരവ്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയുടെ ബാക്ഹീല്‍ പാസ് ക്രിസ്റ്റ്യാനോ കൃത്യമായി വലയിലാക്കി. ഗോള്‍ നേടിയതിന്റെ ആവേശത്തില്‍ റയല്‍ ആദ്യപകുതിയിലെ ശേഷിക്കുന്ന സമയം അവരുടെതാക്കി. ഗാരെത് ബെയില്‍ ഒരു ഗോള്‍ നേടിയെങ്കിലും നേരിയ വ്യത്യാസത്തിന് ഓഫ് സൈഡായി. ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഷോട്ട് ബാഴ്‌സ ഗോളി ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലും റയല്‍ ആക്രമിച്ചു. ബെന്‍സിമയുടെ ആദ്യ നീക്കം തന്നെ ഗോള്‍മണമുള്ളതായിരുന്നു. എന്നാല്‍, പതിയെ ബാഴ്‌സ ഒത്തൊരുമ വീണ്ടെടുത്തു. ബ്രസീല്‍ റൈറ്റ് ബാക്ക് ഡാനി ആല്‍വസിന്റെ ലോംഗ് ബോള്‍ മനോഹരമായി നിയന്ത്രിച്ചെടുത്ത സുവാരസ് ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ റയലിന്റെ വലയിളക്കി. ഈ ഗോള്‍ ഹോം ടീമിനെ വാനോളമുയര്‍ത്തി. പിന്നീട് റയലിന്റെ വെള്ളപ്പട കാഴ്ചക്കാരായി.
സുവാരസിന്റെ ഫോം
ഒക്‌ടോബറില്‍ റയലിന്റെ ഗ്രൗണ്ടായ ബെര്‍നാബുവില്‍ നടന്ന എല്‍ക്ലാസിക്കോയിലാണ് സുവാരസ് ബാഴ്‌സക്കായി അരങ്ങേറിയത്. അന്ന് 3-1ന് ബാഴ്‌സ തോറ്റു. തുടക്കത്തില്‍ ബാഴ്‌സയുടെ മുന്നേറ്റനിരയുമായി പാകപ്പെടാന്‍ വിഷമിച്ച സുവാരസ് പതിയെ പ്രധാന സ്‌ട്രൈക്കറായി മാറിയിരിക്കുന്നു. ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനായി പുറത്തെടുത്ത മാസ്മരികഫോമിലേക്ക് സുവാരസ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സുവാരസ് വലിയ മത്സരങ്ങള്‍ക്കുള്ള തന്റെ ആയുധമാണെന്നാണ് കോച്ച് ലൂയിസ് എന്റിക്വെ എല്‍ക്ലാസികോക്ക് ശേഷം പറഞ്ഞത്.
ഗാരെത് ബെയില്‍
വിമര്‍ശിക്കപ്പെടുന്നു
റെക്കോര്‍ഡ് തുക നല്‍കിയ റയല്‍ ടീമിലെത്തിച്ച വെയില്‍സ് താരം ഗാരെത്‌ബെയില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പുറത്തേക്കടിച്ചു. റയലിന്റെ തോല്‍വിയില്‍ ബെയ്‌ലിന് പങ്കുണ്ടെന്നാണ് സ്പാനിഷ് കായിക പത്രങ്ങള്‍ വിമര്‍ശിച്ചത്. ഗോള്‍ മെഷീന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോശം പ്രകടനത്തിന് കാരണക്കാരനായും ബെയ്‌ലിനെയാണ് വിമര്‍ശര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്റ്റ്യാനോക്ക് മുന്‍നിരയില്‍ മികച്ച പിന്തുണ നല്‍കുന്നതില്‍ ബെയ്ല്‍ പരാജയപ്പെടുന്നു.
മെസി-ക്രിസ്റ്റ്യാനോ
എല്‍ ക്ലാസികോ പൊതുവെ മെസി-ക്രിസ്റ്റ്യാനോ പോരാട്ടമായാണ് കഴിഞ്ഞ ഏതാനും സീസണുകളിലായി ചിത്രീകരിക്കപ്പെടുന്നത്. നൗകാംപില്‍ മെസിക്കായിരുന്നു ആധിപത്യം. ആദ്യ ഗോളിന് വഴിയൊരുക്കിയ ഫ്രീകിക്കെടുത്ത മെസി 77 തവണയാണ് നിര്‍ണായക പാസുകളില്‍ പങ്കാളിയായത്. ക്രിസ്റ്റ്യാനോ 52 തവണ. ഗോള്‍ നേടിയെങ്കിലും ക്രിസ്റ്റ്യാനോക്ക് തന്റെതായ രീതിയിലുള്ള ഒരു ചലനമുണ്ടാക്കാന്‍ സാധിക്കാതെ പോയി.

---- facebook comment plugin here -----

Latest