Connect with us

Ongoing News

സാംസങ് ഗ്യാലക്‌സി എസ് 6 ഏപ്രില്‍ 10ന് യു എ ഇ വിപണിയിലെത്തും

Published

|

Last Updated

ദുബൈ: മൊബൈല്‍ പ്രേമികള്‍ കാത്തിരിക്കുന്ന സാംസങിന്റെ പുതിയ ഉത്പന്നമായ ഗ്യാലക്‌സി എസ്6 അടുത്ത മാസം 10ന് വിപണിയിലെത്തും. നിരവധി പേരാണ് ഉല്‍പന്നം യു എ ഇയില്‍ എത്തുന്നതിന് മുമ്പായി ഇതിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് മൊബൈലിനായി 200 ദിര്‍ഹം മുന്‍കൂര്‍ അടച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അബുദാബിയിലെ ഒരു ഷോറൂം ഉടമ വെളിപ്പെടുത്തി. ഇവര്‍ക്ക് അടുത്ത മാസം എട്ടിന് തന്നെ ഉല്‍പന്നം കൈമാറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോള്‍ഡണ്‍, വൈറ്റ് എന്നീ കവറിംങോടുകൂടിയവക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
200 ദിര്‍ഹം മുന്‍കൂട്ടി അടച്ച് ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ എട്ടിന് തന്നെ ഉല്‍പന്നം കൈമാറാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കഴിഞ്ഞ ദിവസം അവസാനിച്ച അബുദാബി ഷോപ്പറില്‍ പങ്കെടുത്ത സാംസങ് സ്റ്റാന്റിലെ ജീവനക്കാരന്‍ പറഞ്ഞു. ഇന്നലെയാണ് ഇത് അവസാനിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് 10ന് നടക്കുന്ന ഔദ്യോഗിക ലോഞ്ചിന് ശേഷമേ മൊബൈല്‍ സ്വന്തമാക്കാന്‍ സാധിക്കൂ. 32 ജി ബി ഡാറ്റ കപ്പാസിറ്റിയുള്ള ഗ്യാലക്‌സി എസ്6 ന് ചില്ലറ വില്‍പന ശാലകളില്‍ 2,599 ദിര്‍ഹം നല്‍കേണ്ടി വരും. ഗ്യാലക്‌സി എസ്6ന്റെ 64 ജി ബിക്ക് 2,899 ദിര്‍ഹമാവും ഈടാക്കുക. ഗ്യാലക്‌സി എസ്6 ഡ്യൂസ് മോഡലിന് 32 ജി ബിക്ക് 2,699 ദിര്‍ഹവും ഇതേ മോഡലിന്റെ 64 ജി ബിക്ക് 2,999 ദിര്‍ഹവുമായിരിക്കും യു എ ഇ കമ്പോളത്തിലെ വില. ഗ്യാലക്‌സി എസ്6 എഡ്ജിന്റെ 32 ജി ബിക്ക് 3,099 ദിര്‍ഹവും ഇതേ മോഡലിന്റെ 64 ജി ബിക്ക് 3,399 ദിര്‍ഹവും 128 ജി ബിക്ക് 3,799 ദിര്‍ഹവും നല്‍കണം.

Latest