Connect with us

Gulf

മുങ്ങി മരണങ്ങള്‍ക്ക് ഇടയാക്കുന്നത് അശ്രദ്ധയെന്ന് പോലീസ്

Published

|

Last Updated

ദുബൈ: കടലില്‍ മുങ്ങിയുള്ള മരണങ്ങള്‍ക്ക് മിക്കപ്പോഴും ഇടയാക്കുന്നത് അശ്രദ്ധയാണെന്ന് ദുബൈ പോലീസ്. സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹ്മദ് അത്തീഖ് ബൂര്‍ഗിബയാണ് കണക്കുകള്‍ വ്യക്തമാക്കവെ ഇക്കാര്യം വെളിപ്പെടുത്തിയത്. 2013, 2014 വര്‍ഷങ്ങളിലായി കടലില്‍ മുങ്ങിയ 86 കേസുകള്‍ റെസ്‌ക്യൂ വിഭാഗം കൈകാര്യം ചെയ്തു. 2013-2014 വര്‍ഷത്തില്‍ മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം ആറു പേര്‍ മുങ്ങി മരിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതാണ് അപകടത്തില്‍പെടുന്നതിന് മുഖ്യ കാരണം. കടല്‍ പ്രക്ഷുബ്ധമാവുന്ന അവസരത്തില്‍ ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. പലപ്പോഴും പൊതുജനം ഇത്തരം കാര്യങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉറക്ക ഗുളിക കഴിച്ച ശേഷം കടലില്‍ ഇറങ്ങുക, നീന്താന്‍ ഇറങ്ങുന്നതിന് മുമ്പായി ഭക്ഷണം കഴിക്കുക, മദ്യപിക്കുക, സന്ധ്യക്ക് ശേഷവും കടലില്‍ കുളിക്കുക തുടങ്ങിയവയാണ് മരണം ക്ഷണിച്ചുവരുത്തുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുങ്ങിത്താഴുന്നവരില്‍ 60 ശതമാനത്തിനെയും രക്ഷിക്കാനാവുന്നുണ്ട്.
ജുമൈറയില്‍ കടലില്‍ ഇറങ്ങാന്‍ പാടില്ലാത്ത സ്ഥലത്ത് ഒരു പാക്കിസ്ഥാനി ഇറങ്ങുകയും അപകടത്തില്‍പെടുകയും ചെയ്തു. റെസ്‌ക്യൂ വിഭാഗത്തിന് കടലില്‍ യുവാവ് അപകടത്തില്‍പെട്ടതായി വിവരം ലഭിച്ചു. ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോകുകയും ഇയാളെ കടലില്‍ നിന്നു കരക്കെത്തിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞു വീണ്ടും ഒരാള്‍ ഇതേ സ്ഥലത്ത് അപകടത്തില്‍ അകപ്പെട്ടതായി അറിഞ്ഞു. ചെന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി. നേരത്തെ രക്ഷിച്ച പാക്കിസ്ഥാനിയായിരുന്നു വീണ്ടും അപകടത്തില്‍പെട്ടത്. ഇയാളെ മൂന്നാം തവണ അതേ സ്ഥലത്ത് നിന്നു അന്ന് രക്ഷിക്കാന്‍ വീണ്ടും ചെന്നെങ്കിലും മുങ്ങിമരിക്കുകയായിരുന്നുവെന്നും അനുഭവങ്ങള്‍ വിശദീകരിക്കവെ കേണല്‍ അഹ്മദ് വെളിപ്പെടുത്തി.

Latest