Connect with us

First Gear

ക്ലാസിക് കാര്‍ ഫെസ്റ്റിവെല്‍: ഫെരാറി 250ജിടിക്ക് പുരസ്‌കാരം

Published

|

Last Updated

ദുബൈ: നഗരത്തില്‍ നടന്ന എമിറേറ്റ്‌സ് ക്ലാസിക് കാര്‍ ഫെസ്റ്റിവലില്‍ 1956 മോഡല്‍ ഫെരാറി 250ജിടിയും ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി6ഉം ഏറ്റവും നല്ല കാറുകള്‍ക്കുള്ള ബെസ്റ്റ് ഷോ അവാര്‍ഡ് കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായാണ് വാഹനങ്ങളെ പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. രാജ്യാന്തര രംഗത്തെ ഈ മേഖലയിലെ പ്രഗല്‍ഭരായിരുന്നു അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
ഏഴാമത് കാര്‍ ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ദുബൈ ഡൗണ്‍ ടൗണില്‍ ഇന്നലെ പുരസ്‌കാര ദാനം നടന്നത്. ദ യു എ ഇ അവാര്‍ഡ്, ദ ദുബൈ അവാര്‍ഡ്, ക്ലാസിക് ട്രക്ക് അവാര്‍ഡ്, പ്രീവേള്‍ഡ് വാര്‍ കക അവാര്‍ഡ്, ഹെറിറ്റേജ് കാര്‍ അവാര്‍ഡ്, മോഡേണ്‍ ക്ലാസിക് അവാര്‍ഡ്, അമേരിക്കന്‍ കാര്‍ അവാര്‍ഡ്, ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം, പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച വാഹനം തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടാനുള്ള അവസരം വാഹനങ്ങള്‍ക്ക് ഒരുക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിഴല്‍ പറ്റിയായിരുന്നു നൂറു കണക്കിന് കാറുകള്‍ അണിനിരന്ന ഫെസ്റ്റിവെല്‍ അരങ്ങേറിയത്. യു എ ഇ സാംസ്‌കാരിക-സാമൂഹിക-യുവജന മന്ത്രാലയത്തിന്റെ പിന്തുണയോടെയായിരുന്നു ഫെസ്റ്റിവല്‍. ബെന്റ്‌ലി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയസ്, പോഷെ, ഫെരാറി, ആല്‍ഫ റോമിയോ, ജീപ്പ് തുടങ്ങിയ കമ്പനികളുടെ കാറുകള്‍ക്കൊപ്പം 1930കളിലെ മോട്ടോര്‍ ബൈക്കുകളും കാണികളെ ആകര്‍ഷിച്ചു. 350 വാഹനങ്ങളാണ് പങ്കാളികളായത്. കാര്‍ പ്രേമികള്‍ക്കൊപ്പം രൂപകല്‍പ്പനയില്‍ താല്‍പര്യമുള്ളവരും കലാസ്വാദകരുമെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൗണ്‍ടൗണിലേക്ക് ഒഴുകി എത്തിയിരുന്നു. യു എ ഇയിലെയും മറ്റ് ജി സി സി രാജ്യങ്ങളിലെയും സ്വകാര്യ വ്യക്തികളുടെ ശേഖരത്തിലുള്ള കാറുകളും ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയവയില്‍ ഉള്‍പെട്ടിരുന്നു.