Connect with us

Gulf

റസ്റ്റോറന്റുകളിലെ തീന്‍ മേശകളില്‍ കാണുന്നത്‌

Published

|

Last Updated

അബുദാബിയില്‍ ചെറുകിട റസ്റ്റോറന്റുകള്‍, ഏതാണ്ട് 2,500 വരും. ദുബൈയിലും അത്ര തന്നെ ഉണ്ടാകും. ഷാര്‍ജയില്‍ ഒട്ടും കുറയാന്‍ ഇടയില്ല. അങ്ങിനെ നോക്കുമ്പോള്‍ യു എ ഇയില്‍ 10,000 ഓളം റസ്റ്റോറന്റുകള്‍. വന്‍കിട ഹോട്ടലുകള്‍ക്കകത്തെ പഞ്ചനക്ഷത്ര റസ്റ്റോറന്റുകളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് കണക്ക്.
മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന “നാദാപുരം കഫ്‌റ്റേരിയ”കളെയും ചെറുകിട റസ്റ്റോറന്റ് പട്ടികയില്‍പ്പെടുത്താം. അതിനാല്‍, റസ്റ്റോറന്റുകളുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് മലയാളികളാണ്. നടത്തിപ്പുകാരും പാചകക്കാരും വിളമ്പുന്നവരുമൊക്കെയായി മലയാളികളുടെ ലോകമാണത്.
ഭക്ഷണം കഴിക്കാനെത്തുന്നവരും ഏറെക്കുറെ മലയാളികള്‍. സ്വദേശികളും ചൈനക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ഇടക്കിടെ കയറാറുണ്ടെന്നുമാത്രം. എന്നാല്‍, സാധാരണക്കാരില്‍ ഭക്ഷണത്തിന് മലയാളികളോളം ചെലവു ചെയ്യുന്നവര്‍ വേറെയില്ല.
മിക്ക റസ്റ്റോറന്റുകളും നാടിനെ അപേക്ഷിച്ച് ഉന്നത നിലവാരം പുലര്‍ത്തുന്നു. നഗരസഭയുടെ പരിശോധനയും പിഴയും ഭയന്നാണിത്. എന്നാലും പരിശോധകരുടെ കണ്ണില്‍പൊടിയിടുന്ന റസ്റ്റോറന്റുകളും കുറവല്ല. പരിശോധകര്‍ വരുമെന്ന് മുന്‍കൂട്ടിക്കണ്ട് ചില ചെപ്പിടിവിദ്യകള്‍ കാണിക്കും. പരിശോധകര്‍ സ്ഥലം വിടുന്നതോടെ പഴയപടിയാകും. യു എ ഇയിലുടനീളം ശൃംഖലകളുള്ള ഒരു റസ്റ്റോറന്റിന്റെ അബുദാബിയിലെ ശാഖയുടെ അടുക്കളയില്‍ നിറയെ പാറ്റകളും എലികളും കണ്ട് പരിശോധകര്‍ തന്നെ നടുങ്ങി. റസ്റ്റോറന്റ് അടച്ചുപൂട്ടി.
റസ്റ്റോറന്റ് നടത്തിപ്പുകാര്‍ക്ക് നഗരസഭയുടെയും ഭക്ഷ്യനിയന്ത്രണ അതോറിറ്റിയുടെയും നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ആദ്യമൊക്കെ അറബിയിലും ഇംഗ്ലീഷിലും ലഘുലേഖകളായി നല്‍കുമായിരുന്നു. ഇപ്പോള്‍, ഇടക്കിടെ ശില്‍പശാലകളും നടത്താറുണ്ട്. മലയാളത്തില്‍ വരെ ക്ലാസുകള്‍ നല്‍കുന്നു. ഭക്ഷണം പാചകം ചെയ്യുന്നവരിലും വിളമ്പുന്നവരിലും 73 ശതമാനം ഏഷ്യക്കാരാണെന്നാണ് അബുദാബി ഭക്ഷ്യനിയന്ത്രണ അതോറിറ്റിയുടെ കണ്ടെത്തല്‍. ഏറെയും മലയാളികള്‍.
റസ്റ്റോറന്റ് നടത്തിപ്പ് അത്ര എളുപ്പമല്ല. ഭക്ഷണം പാകം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അതോറിറ്റി നിര്‍ദേശിക്കുന്നു, വിഷാംശം കടന്നാല്‍ കനത്ത വില നല്‍കേണ്ടിവരും. ഭാഗ്യവശാല്‍ അത്തരം കൈപിഴകളൊന്നും പൊതുവെ പാചക വിദഗ്ധര്‍ക്ക് സംഭവിക്കാറില്ല. രണ്ടു വര്‍ഷം മുമ്പ് ദുബൈയില്‍ ഒരു കുടുംബത്തിലെ പലര്‍ക്കും വിഷബാധയേറ്റതാണ് അവസാനമായി പുറത്തുവന്ന വാര്‍ത്ത.
ഇതിനിടെ, മലയാളികളുടെ തനിമയാര്‍ന്ന ഭക്ഷണങ്ങളുടെ ഉത്സവം പലയിടത്തും നടക്കുന്നു. മലബാറിനും തിരുവിതാംകൂറിനും പ്രത്യേക രുചിക്കൂട്ടുകളുണ്ട്. അവ കണ്ടെത്തി അവതരിപ്പിച്ചാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയും. ആദിവാസികളുടെ ഭക്ഷണം വരെ ലഭിക്കുന്ന റസ്റ്റോറന്റുകള്‍ ദുബൈയിലുണ്ട്. ഷാര്‍ജയില്‍ ശുറൂഖിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 25 മുതല്‍ ഏപ്രില്‍ നാലുവരെ ഭക്ഷ്യോത്സവമാണ്. അല്‍ ഖസബ, മജാസ് വാട്ടര്‍ ഫ്രണ്ട്, ഹെര്‍ട്ട് ഓഫ് ഷാര്‍ജ എന്നിവിടങ്ങളിലാണ് വേദികള്‍.
പാചക വാതകത്തിനും അവശ്യ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചതും കെട്ടിട വാടക കൂടിയതും റസ്റ്റോറന്റുകളെ നിരാശപ്പെടുത്തി. പക്ഷേ, ഇതിന്റെ ഭാരം മുഴുവന്‍ ഉപഭോക്താക്കളിലേക്ക് പകരാനാണ് ചില ഉടമകളുടെ ശ്രമം. “സ്‌പെഷ്യല്‍” വാങ്ങിയാല്‍ കുടുങ്ങിയതുതന്നെ. മലയാളിയുടെ ഉച്ച ഭക്ഷണത്തിന് സ്‌പെഷ്യലടക്കമാണെങ്കില്‍ കുറഞ്ഞത് 15 ദിര്‍ഹം വേണ്ടിവരും.
മീന്‍കഷ്ണത്തിന്റെയും മറ്റും വലുപ്പം കുറഞ്ഞു വരുകയും ചെയ്യുന്നു. റസ്റ്റോറന്റിനെ ആശ്രയിക്കുന്ന സാധാരണക്കാരെ ആട്ടിയകറ്റുന്ന സമീപനമാണത്. കുറഞ്ഞ നിരക്കില്‍ മികച്ച ഭക്ഷണം നല്‍കുമ്പോള്‍ വ്യാപാരം വര്‍ധിക്കുമെന്നതും ലാഭം കൂട്ടാമെന്നതും ലളിതമായ യുക്തിയാണ്.