Connect with us

Gulf

ഫിഖ്ഹ് ഫോറത്തിന് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈ: ഇസ്‌ലാമിക് സമ്പദ് വ്യവസ്ഥ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ഇസ്‌ലാമിക് എക്കണോമി ഫിഖ്ഹ് ഫോറത്തിന് ദുബൈയില്‍ ഉജ്വല തുടക്കം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ഇസ്‌ലാമിക ചിന്തകരുടെയും ധനകാര്യ വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഫോറം ഉദ്ഘാടനം ചെയ്തത്. മുസ്‌ലിം സൊസൈറ്റീസ് ഫോര്‍ പീസ് പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ ആമുഖ പ്രഭാഷണം നടത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ലോക സമ്പദ്‌വ്യവസ്ഥയില്‍ 80 ലക്ഷം കോടി ഡോളറിന്റെ ഇടപാടുകളാണ് ഇസ്‌ലാമിക രീതിയില്‍ നടക്കുന്നത്. അതിന്റെ കേന്ദ്ര സ്ഥാനം ദുബൈ ആണെന്ന് സംഘാടക സമിതി അധ്യക്ഷന്‍ ഡോ. ഹമദ് അല്‍ ശൈബാനി പറഞ്ഞു. അറബ് ലോകത്ത്, ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ ഏറ്റവും നന്നായി നടപ്പാക്കുന്ന രാജ്യമാണ് യു എ ഇ. ലോകത്ത് ഏറ്റവും ഫലപ്രദമായി ബദല്‍ സമ്പദ് വ്യവസ്ഥ നടപ്പാക്കാനുള്ള ആലോചനകള്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്നും ശൈബാനി പറഞ്ഞു.
രണ്ടാം ദിവസമായ ഇന്ന് ഇസ്‌ലാമിക് ബേങ്കിംഗിനെക്കുറിച്ച് ചര്‍ച്ച നടക്കും. ഡോ. ഹംസ അബ്ദുല്‍ കരീം മുഹമ്മദ് ഹമാദ്, ഡോ. സ്വലാഹ് ബിന്‍ ഫഹദ് അല്‍ ശല്‍ഹൂബ്, ഡോ. അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്, ഡോ. മുസ്തഫ മഹ്മൂദ് അബ്ദുല്‍ ആല്‍, പ്രൊഫ. കമാല്‍ തൗഫീഖ് ഹത്വാബ്, പ്രൊഫ. വലീദ് ഹോയ്മല്‍ അൗജാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്രെഡിറ്റ് കാര്‍ഡുകളുടെ ഇസ്‌ലാമിക വശങ്ങളുള്‍പെടെ പുതിയ സാഹചര്യത്തിലെ ബേങ്കിംഗുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര ചര്‍ച്ചകളാണ് ഈ സെഷനിലെ മുഖ്യ ഭാഗം.

Latest