ദക്ഷിണ ധ്രുവത്തില്‍ യു എ ഇ പതാക പാറി

Posted on: March 23, 2015 6:00 pm | Last updated: March 23, 2015 at 6:48 pm
SHARE

ദുബൈ: ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയിലെ അഞ്ചു ജീവനക്കാര്‍ അന്റാര്‍ട്ടിക്ക പര്യവേക്ഷണം നടത്തി. ലോകത്തിലെ ഏറ്റവും തണുപ്പേറിയതും ഒറ്റപ്പെട്ടതുമായ ദക്ഷിണ ധ്രുവത്തില്‍ അവര്‍ യു എ ഇ പതാക പാറിച്ചു.
പര്യവേക്ഷണത്തില്‍ പങ്കാളികളായവരെ ദിവ അനുമോദിച്ചു. 2014 ഡിസംബറില്‍ യു എ ഇ ദേശീയ ദിനാഘോഷച്ചടങ്ങിലാണ് പര്യവേക്ഷകര്‍ യു എ ഇ പതാക ഏറ്റുവാങ്ങിയത്. ദുബൈ പൊതു സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദിവ എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ എന്നിവരായിരുന്നു പതാക കൈമാറിയത്.
2015 മാര്‍ച്ച് 13ന് അര്‍ജന്റീനയിലെ ആന്റ്‌സ് പര്‍വതത്തിന് താഴെ നിന്ന് പ്രയാണം തുടങ്ങി. പര്യവേക്ഷക സംഘത്തില്‍ വേറെയും ആളുകളുണ്ടായിരുന്നു. ദിവയുടെ ഭാഗത്തു നിന്ന് എഞ്ചിനീയര്‍ അബ്ദുല്ല അല്‍ ഹുസാം, കോര്‍പറേറ്റ് സ്‌പെഷ്യലിസ്റ്റ് താഹാ അല്‍ ഹംരി, ഐ ടി വിഭാഗം സീനിയര്‍ മാനേജര്‍ ആദില്‍ അല്‍ തമീമി, സീനിയര്‍ എക്‌സി. നാനാ ശരീഫ് ബദാവി, സീനിയര്‍ മാനേജര്‍ ബൗലാം ബില്‍ ഹാജ് എന്നിവരാണ് പങ്കെടുത്തത്. മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. ഇവര്‍ കാലാവസ്ഥാ വ്യതിയാനം കണ്ടുമനസ്സിലാക്കുകയും ചെയ്തു. ഇവര്‍, ദിവയുടെ പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ അംബാസിഡര്‍മാറായിരിക്കുമെന്ന് സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.