Connect with us

Gulf

സലാലയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Published

|

Last Updated

മസ്‌കത്ത്: സലാലയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയച്ചു. രണ്ടാഴ്ച മുമ്പ് അല്‍ അഖീന്‍ മസ്ജിദിന് സമീപത്തെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ശമീര്‍ (32)ന്റെ മൃതദേഹമാണ് നാട്ടിലേക്കയച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ന്റെ കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ശമീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതയുള്ളതിനാല്‍ മൃതദേഹം ഇതുവരെ പോലീസ് കസ്റ്റഡിയിലായിരുന്നു. സലാലയില്‍ മലയാളികളായ ദമ്പിതകളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന കേസിലെ കുറ്റാരോപിതനായിരുന്നു ശമീര്‍. മരണത്തിന് ശേഷം ഇദ്ദേഹം പ്രതിയാണെന്ന രൂപത്തിലുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ പോലും ആരും തയാറാകാതെയായി. കവര്‍ച്ചയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുമോയെന്ന ഭയമാണ് ശമീറിന്റെ അടുത്ത സുഹൃത്തുക്കളെ പോലും മൃതദേഹം സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ പോസ്റ്റ് മോര്‍ട്ടത്തോടെ അവസാനിച്ചിരുന്നെങ്കിലും മൃതദേഹം സ്വീകരിക്കാന്‍ ആരും വരാതിരുന്നതോടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടുപോകുകയായിരുന്നു. യുവാവിന്റെ മൃതദേഹം സ്വീകരിക്കാന്‍ ആളില്ലെന്ന വാര്‍ത്ത സിറാജ് മാര്‍ച്ച് 15ന് പ്രസിദ്ധീകരിച്ചിരുന്നു.
ശമീറിന്റെ കൊച്ചിയിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കത്തിലെ സാമൂഹിക പ്രവര്‍ത്തകനായ ഷാജി സെബാസ്റ്റ്യനാണ് മൃതദേഹം നാട്ടിലെത്തിക്കാനായി മുന്നിട്ടിറങ്ങിയത്. മരിച്ച് രണ്ടാഴ്ചയായിട്ടുണ്ടെന്നും മൃതദേഹം സ്വീകരിക്കാനാരും തയാറാകുന്നില്ലെന്നും അറിഞ്ഞ ശമീറിന്റെ നിസ്സഹായരായ കുടുംബം മസ്‌കത്തില്‍ തന്നെ മൃതദേഹം ഖബറടക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ശമീറും സുഹൃത്ത് സനല്‍കുമാറും ചേര്‍ന്ന് നടത്തിയെന്ന് പറയുന്ന കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി സലാല ആര്‍ ഒ പി വക്താക്കള്‍ അറിയിച്ചു. മലയാളിയായ വാമദേവനും കുടുംബവും മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.

Latest