Connect with us

Kerala

പ്രതിപക്ഷ ബഹളം: സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ അത്യാവശ്യം വേണ്ട ധനകാര്യ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏപ്രില്‍ ഒമ്പത് വരെ 24 ദിവസം നിശ്ചയിച്ച സമ്മേളനം എട്ട് ദിവസമാണ് ചേര്‍ന്നത്. ഇതില്‍ നടപടിക്രമങ്ങള്‍ സുഗമമായി നടന്നതാകട്ടെ വെറും നാല് ദിവസവും. സംസ്ഥാന ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്നും വനിതാ എം എല്‍ എമാരെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളംവെക്കുകയായിരുന്നു. ഇതോടെ, ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ട് ബില്ലും അവതരിപ്പിച്ച് വിഷയ നിര്‍ണയ സമിതിയുടെ പരിശോധനയും ചര്‍ച്ചയും കൂടാതെ പാസ്സാക്കി. 2015 ധനകാര്യ ബില്ലും ധനകാര്യ രണ്ടാം ബില്ലും അവതരിപ്പിച്ച ശേഷം നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുകയായിരുന്നു.

walkout...tvm
രാവിലെ 7.30ന് തന്നെ നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തെങ്കിലും സമവായമുണ്ടാക്കാനായില്ല. അഞ്ച് അംഗങ്ങള്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും വനിതാ എം എല്‍ എമാരുടെ പരാതിയില്‍ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വനിതാ എം എല്‍ എമാരുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബജറ്റ് ദിവസം സഭയിലുണ്ടായ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇരുപക്ഷവും ഒരുമിച്ച് ഇരുന്ന് പരിശോധിക്കാമെന്ന നിര്‍ദേശവും ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. എന്നാല്‍, പരിശോധന ഇല്ലാതെ പ്രതിപക്ഷത്തെ അഞ്ച് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത ശേഷം തങ്ങളുടെ പരാതിയില്‍ മാത്രം പരിശോധന വേണമെന്ന വാദത്തെ പ്രതിപക്ഷം എതിര്‍ത്തു.
ചര്‍ച്ചയില്‍ സമവായമില്ലാതെ വന്നതോടെ ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എല്‍ എമാരായ ഇ പി ജയരാജന്‍, ഡോ. കെ ടി ജലീല്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്ത്, വി ശിവന്‍കുട്ടി എന്നിവര്‍ സഭയിലേക്ക് പ്രവേശിക്കാതെ കവാടത്തിലുള്ള ഇരിപ്പിടത്തില്‍ സത്യഗ്രഹം ഇരുന്നു. സ്പീക്കര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിലപാട് പ്രഖ്യാപിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എല്‍ എമാരുടെ പ്രശ്‌നം പരിഹരിക്കണമെന്നും വനിതാ എം എല്‍ എമാരോട് അത്യന്തം ഹീനവും നികൃഷ്ടവുമായി പെരുമാറിയ ഭരണപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടി വേണമെന്നും വി എസ് ആവശ്യപ്പെട്ടു. ലൈംഗിക സ്വഭാവത്തിലുള്ള അക്രമണം നടത്തിയ സംഭവത്തില്‍ നടപടി അനിവാര്യമാണ്. സഭയില്‍ ഇനിയും ബജറ്റ് അവതരിപ്പിച്ചിട്ടില്ല. നിയമസഭയെ ഇങ്ങനെ അലങ്കോലപ്പെടുത്തുന്നത് ശരിയല്ലെന്നും വി എസ് ചൂണ്ടിക്കാട്ടി.
ഇതുവരെ നടത്തിയ പരിശോധനയില്‍ ഭരണപക്ഷ എം എല്‍ എമാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന് പിടിവാശിയും ദുരഭിമാനവും ഇല്ല. ലോകം മുഴുവന്‍ കണ്ട ഒരു സംഭവത്തിന്റെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ആദ്യം പറയാത്ത കാര്യമാണ് ഇപ്പോള്‍ വനിതാ എം എല്‍ എമാര്‍ പരാതിയായി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നിച്ചിരുന്ന് ദൃശ്യങ്ങള്‍ പരിശോധിക്കാം. ആരുടെ ഭാഗത്തു നിന്നാണ് തെറ്റുണ്ടായതെന്ന് നോക്കിയ ശേഷം നടപടിയെടുക്കാം. തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കാന്‍ കഴിയില്ല. ഉന്നയിക്കുന്ന പരാതി ആത്മാര്‍ഥതയോടെയാണെങ്കില്‍ പ്രതിപക്ഷം ദൃശ്യപരിശോധനക്ക് തയ്യാറാകണണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ദൃശ്യപരിശോധന ഇല്ലാതെ നടപടിയെടുത്ത ശേഷം വനിതാ എം എല്‍ എമാരുടെ പരാതിയില്‍ മാത്രം പരിശോധന ആവശ്യപ്പെടുന്ന ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നടപടി നേരിട്ട അഞ്ച് പേരും ചെയ്തകാര്യം എന്തെന്ന് ലോകം കണ്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. ജമീല പ്രകാശം നേരിട്ട പീഡനവും ലോകം മുഴുവന്‍ കണ്ടതാണെന്നും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് ന്യായം അംഗീകരിക്കാനാകില്ലെന്നും വി എസും പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് നീങ്ങി. ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബഹളം തുടര്‍ന്നു. ഇതോടെ, സ്പീക്കര്‍ ധനവിനിയോഗ, വോട്ട് ഓണ്‍ അക്കൗണ്ട് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ധനമന്ത്രി കെ എം മാണിയെ ക്ഷണിച്ചു. മാണി എഴുന്നേറ്റതോടെ ബഹളവും കനത്തു. മിനുട്ടുകള്‍ക്കുള്ളില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേല്‍ രണ്ട് ദിവസവും ഉപധനാഭ്യര്‍ഥനയിന്മേല്‍ ഒരു ദിവസവും മാത്രമാണ് ഈ സമ്മേളനത്തില്‍ സുഗമമായ ചര്‍ച്ച നടന്നത്. ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താന്‍ നടന്ന ദിവസവും സഭ സുഗമമായി നടന്നു. നയപ്രഖ്യാപന ദിവസം സഭ തടസ്സപ്പെട്ടില്ലെങ്കിലും പ്രതിപക്ഷം അന്ന് സഭ ബഹിഷ്‌കരിച്ചു. സമ്പൂര്‍ണ ബജറ്റ് പാസ്സാക്കുന്നതിനായി ഇനി ജൂണിലാണ് സഭ ചേരേണ്ടത്. ബജറ്റ് അവതരിപ്പിച്ചതായി പ്രതിപക്ഷം അംഗീകരിക്കാത്ത സാഹചര്യത്തില്‍ അടുത്ത സമ്മേളനവും സുഗമമായി നടക്കാന്‍ സാധ്യതയില്ല.

Latest