സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ മലയോര-പിന്നാക്ക പ്രദേശങ്ങളില്‍ വിന്യസിക്കും: മന്ത്രി

Posted on: March 22, 2015 1:19 pm | Last updated: March 22, 2015 at 1:19 pm
SHARE

കല്‍പ്പറ്റ: അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 14 സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ കൂടി ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
വയനാട് ജില്ലയിലെ പനമരത്ത് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി തുടങ്ങുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ പ്രധാനമായും മലയോര-പിന്നാക്ക പ്രദേശങ്ങളിലാവും വിന്യസിക്കുകയെന്നും മന്ത്രി പറഞ്ഞു.
‘സിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാന വിപണിയില്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. മാവേലി സ്റ്റോര്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ മാര്‍ക്കറ്റുകളില്‍ 13 ഇനം അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കി വരുന്നു. മറ്റു സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പൊതുവിപണിയിലെ വിലനിയന്ത്രണം സാധ്യമാക്കുന്നതായാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. സര്‍ക്കാറിന്റെ നയപരമായ ഈ നടപടി ഇനിയും ഫലപ്രദമാക്കാനുള്ള ശ്രമം തുടരും. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഏര്‍പ്പെടുത്തുന്നത്. പ്രതിമാസം 10 ലക്ഷത്തിലധികം വിറ്റുവരവുള്ള മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കാനുള്ള നടപടികള്‍ നടന്നു വരുന്നു. സംസ്ഥാനത്തുടനീളം 30ല്‍പരം സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. കൂടുതല്‍ കാര്യക്ഷമമായ സേവനം ജനങ്ങളിലെത്തിക്കുക എന്നതാണ് സിവില്‍ സപ്ലൈസ് കോര്‍പ്പെറേഷന്റെ ലക്ഷ്യം. ഇതിനായി കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായവും തേടിയിട്ടുണ്ട്. ധനസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
നടപ്പു വര്‍ഷം 1.72 ലക്ഷം കര്‍ഷകര്‍ നെല്ലു സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നെല്ല് സംഭരണം തുടങ്ങുമ്പോള്‍ നാല്‍പ്പതിനായിരം കര്‍ഷകരായിരുന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. നെല്ല് സംഭരണത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് (19 രൂപ) സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. നിലവില്‍ സംഭരിക്കുന്ന നെല്ല് കുത്തരിയാക്കി എട്ട് ജില്ലകളില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്തു വരുന്നു. ഇത് അടുത്ത വര്‍ഷം 14 ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്. മലബാര്‍ മേഖലയില്‍ അരി സംസ്‌കരണ മില്ലുകളില്ലാത്തതാണ് ഇതിന് തടസ്സമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ പനമരം പഞ്ചായത്ത് പ്രസിഡന്റ് ടി. മോഹനന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാ കുമാരി ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. പനമരം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബീന സജി, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ ഹാജി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി. സെബാസ്റ്റ്യന്‍ വാസു അമ്മാനി, പി. ഇബ്രാഹിം മാസ്റ്റര്‍, സിനോ പാറക്കാലായില്‍, ടി.കെ ഭൂപേഷ്, ബേബി കല്ലക്കാട്ട്, രാധാ വേലായുധന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.