വിദേശ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

Posted on: March 22, 2015 1:18 pm | Last updated: March 22, 2015 at 1:18 pm
SHARE

കല്‍പ്പറ്റ: പ്ലസ്ടു ജയിച്ച പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ഥകള്‍ക്ക് വിദേശ തൊഴിലവസരങ്ങളും ഉപരിപഠന സൗകര്യങ്ങളും പരിചയപ്പെടുത്തി വിദേശ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അവസരമൊരുക്കുന്നു.
തൊഴില്‍ നൈപുണി വികസനത്തിന് ഊന്നല്‍ നല്‍കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സല്‍റ്റന്റ് ലിമിറ്റഡിന്റെയും സെയുക്താഭിമുഖ്യത്തില്‍ എംപ്ലോയ്‌മെന്റില്‍ അപേക്ഷ സമര്‍പ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് മാര്‍ച്ച് 27, 28 തീയ്യതികളില്‍ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കും. വിദേശ തൊഴില്‍-പഠന സാധ്യതകള്‍, സൗകര്യങ്ങള്‍, അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍, ആശയ വിനിമയ ശേഷി, ഇന്റര്‍വ്യൂ അഭിമുഖീകരിക്കുന്നതിനുള്ള കഴിവുകള്‍, കുടിയേറ്റ നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 27 ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ. റഷീദ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. വിസ ചട്ടങ്ങള്‍, ഗള്‍ഫ് ബിഹേവിയര്‍ സ്‌കില്‍ എന്നീ വിഷയങ്ങളില്‍ മുഹമ്മദ് കക്കാട്, ബാബുരാജ് എന്നിവര്‍ ക്ലാസ്സെടുക്കും. 28 ന് ഇന്റര്‍വ്യൂ സ്‌കില്‍, ആശയ വിനിമയം എന്നിവയില്‍ അജിത് മേനോന്‍ ക്ലാസ്സെടുക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. പ്രമോദന്‍ അധ്യക്ഷനാകും.
ഉദ്ഘാടന പരിപാടിയില്‍ എംപ്ലോ. ഓഫീസര്‍ (പി.ജി) എ.എം. പൊന്നപ്പന്‍, ഒ.ഡി.ഇ.പി.സി. ജനറല്‍ മാനേജര്‍ ഷമീം അഹമ്മദ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. പ്രകാശന്‍, കെ.എം.എം. ഗവ. ഐ.ഐ.റ്റി. പ്രിന്‍സിപ്പല്‍ പി. വാസുദേവന്‍, എംപ്ലോ. ഓഫീസര്‍ (എസ്.ഇ) പി.ജെ. സെബാസ്റ്റ്യന്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജൂനിയര്‍ എംപ്ലോ. ഓഫീസര്‍ ടി. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിക്കും.