റോഡപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചിത്ര പ്രദര്‍ശനം

Posted on: March 22, 2015 1:18 pm | Last updated: March 22, 2015 at 1:18 pm
SHARE

മാനന്തവാടി: വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കെതിരെ വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ച മോട്ടോവാഹന വകുപ്പിന്റെ പവലിയനില്‍ ആരംഭിച്ച ചിത്ര പ്രദര്‍ശനം അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് സ്മരണാഞ്ജലിയാവുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തില്‍ സംസ്ഥാന ജനജാഗ്രത പുരസ്‌കാരം നേടിയ ഫോട്ടോഗ്രാഫര്‍ കെ.പി. ഹരിദാസിന്റെ നൂറ്റിരണ്ടാമത്തെ പ്രദര്‍ശനമാണിത്. സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ ഇരുപത്തി അഞ്ചിലേറെ അവാര്‍ഡുകള്‍ ലഭിച്ച ജാഗ്രത ചിത്ര പ്രദര്‍ശനം റോഡ് സുരക്ഷാ ബോധവത്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങല്‍ക്ക് നല്‍കാന്‍ കഴിയുന്ന മികച്ച സന്ദേശമായി മാറികഴിഞ്ഞു. പ്രദര്‍ശനം പത്ത് ദിവസം നീണ്ട് നില്‍ക്കും. ലക്ഷകണക്കിന് ജനങ്ങള്‍ കണ്ട ഈ പ്രദര്‍ശനം ലിംകാബുക്‌സ് അധികൃതരുടെ പരിഗണനയിലാണ്. പ്രദര്‍ശനം മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു ഉദ്ഘാടനം ചെയ്തു. വയനാട് ആര്‍ ടി ഒ പി.എ. സത്യന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് ആര്‍ ടി ഒ വി വി മധുസൂദനന്‍ സ്വാഗതം പറഞ്ഞു. എം വിജയന്‍, എം വി ഐ, എഎം വി ഐ മ്മാരായ പി.ജി. സുധീഷ്, വിജിത്ത് കുമാര്‍, ഫോട്ടോഗ്രാഫര്‍ കെ.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. റോഡ് സെയ്ഫ്റ്റി വളണ്ടിയേഴ്‌സ്, യൂത്ത് റെഡ് ക്രോസ് അംഗങ്ങള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുുത്തു. ബെസ്സി പാറക്കല്‍ നന്ദി പറഞ്ഞു.