നിയമ സഭയില്‍ അതിക്രമം നടത്തിയത് ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനാല്‍: കുഞ്ഞാലിക്കുട്ടി

Posted on: March 22, 2015 1:09 pm | Last updated: March 22, 2015 at 1:09 pm
SHARE

കോഴിക്കോട്: കേട്ടുകേള്‍വിയില്ലാത്ത അതിക്രമത്തിന് നിയമസഭയെ വേദിയാക്കിയത് ജനകീയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് സാധിക്കാത്തതുകൊണ്ടാണെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ലോകത്തെമ്പാടുമുള്ള മലയാളികളുടെ അഭിമാനത്തിനാണ് എല്‍ ഡി എഫ് എം എല്‍ എമാര്‍ നിയമസഭാ ആക്രമണത്തിലൂടെ ക്ഷതമേല്‍പ്പിച്ചത്. ഇത് യു ഡി എഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന ഒന്നിലും പ്രതികരിക്കാനോ ഇടപെടാനോ പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കാനോ എല്‍ ഡി എഫിന് സാധിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലകുറഞ്ഞ ചെറിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിവിട്ട് ബഹളമുണ്ടാക്കുക എല്‍ ഡി എഫ് പതിവാക്കിയിരിക്കുകയാണ്. യു ഡി എഫിനോട് ദേശ്യമുണ്ടെങ്കില്‍ രാഷ്ട്രീയയമായി എതിരിടുകയാണ് വേണ്ടത്. അധഃപതിച്ച രീതികള്‍ തിരഞ്ഞെടുക്കുകയും അതിന് നിയമസഭയെപ്പോലും വേദിയാക്കുകയും ചെയ്യുന്നത് ജനം വിലയിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. എം കെ മുനീര്‍, അനൂബ് ജേക്കബ്, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, എം എല്‍ എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍, ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, ഡി സി സി പ്രസിഡന്റ് കെ സി അബു പ്രസംഗിച്ചു.