ഗുപ്ടിലിന് പറയാനുണ്ട് വേദനയെ മധുരമാക്കിയ കഥ

Posted on: March 22, 2015 1:01 am | Last updated: March 22, 2015 at 12:04 pm
SHARE

martin-guptill-toesഇടത്തേ കാലില്‍ ശരിക്കുമൊന്ന് ഊന്നി നില്‍ക്കാന്‍ പോലും മാര്‍ട്ടിന്‍ ഗുപ്ടിലിന് സാധിക്കില്ല. പതിമൂന്നാം വയസില്‍ ട്രക്കിനടിയില്‍ പെട്ട് മൂന്ന് വിരലുകള്‍ ചതഞ്ഞരഞ്ഞുപോയതാണ്. ഏതൊരു കുഞ്ഞും ആ പ്രായത്തില്‍ മാനസികമായി തളര്‍ന്നു പോകും. സ്‌പോര്‍ട്‌സിനോടൊക്കെ വിരക്തി തോന്നാവുന്ന അവസ്ഥ. പക്ഷേ, ഗുപ്ടില്‍ തീരുമാനിച്ചിരുന്നു ജീവിതത്തില്‍ താനനുഭവിച്ച ഏറ്റവും വലിയ വേദനയില്‍ നിന്ന് തന്നെ ഉയിര്‍ത്തെണീക്കണമെന്ന്. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പിന്നീട് കണ്ടത് ഈ പ്രതിഭയുടെ വളര്‍ച്ചയാണ്.

337700-martin-guptill-double-ton
അന്ന് ആശുപത്രിയില്‍ ആശ്വസിപ്പിക്കാനെത്തിയ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് മാര്‍ട്ടിന് വലിയ പ്രചോദനമായി. ഏകദിന ക്രിക്കറ്റില്‍ മാര്‍ട്ടിന്‍ അരങ്ങേറിയതും വലിയ വാര്‍ത്തയായി. കാരണം, അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാന്‍ഡുകാരന്‍ എന്ന റെക്കോര്‍ഡായിരുന്നു മാര്‍ട്ടിന്‍ സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരെ 122 റണ്‍സെടുത്തായിരുന്നു മാര്‍ട്ടിന്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. 2013 ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ കിവീസ് നിരയില്‍ രണ്ട് സെഞ്ച്വറികളുമായി ടോപ്‌സ്‌കോററായി. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ 103ഉം 189 നോട്ടൗട്ടുമായിരുന്നു മാര്‍ട്ടിന്റെ പ്രകടനം. ഇതില്‍ 189 റണ്‍സ് പ്രകടനം റെക്കോര്‍ഡായി.
ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനത്തില്‍ വിവ് റിച്ചാര്‍ഡ്‌സിനൊപ്പമെത്തി. 1984 ല്‍ റിച്ചാര്‍ഡ്‌സ് 189 നേടിയിരുന്നു. ഇംഗ്ലണ്ടില്‍ ന്യൂസിലാന്‍ഡ് താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അതുവരെ ലൂയ് വിന്‍സെന്റിന്റെ 172 ആയിരുന്നു.
ഇന്നലെ, വെസ്റ്റിന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 237 റണ്‍സ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനമായി.
ഇതേ ലോകകപ്പില്‍ ക്രിസ് ഗെയില്‍ സൃഷ്ടിച്ച 215 റണ്‍സിന്റെ റെക്കോര്‍ഡാണ് ഗെയിലിനെ സാക്ഷിയാക്കിക്കൊണ്ട് ഗുപ്ടില്‍ തകര്‍ത്തെറിഞ്ഞത്. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച വ്യക്തിഗത പ്രകടനംകൂടിയാണിത്. 264 റണ്‍സെടുത്ത ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ഗുപ്ടിലിന് മുന്നിലുള്ളത്.