Connect with us

International

ആണവകരാര്‍ ഉടന്‍: റൂഹാനി

Published

|

Last Updated

ടെഹ്‌റാന്‍: പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറിലെത്തുന്നതിന് ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാം പരിഹരിച്ച് ഉടന്‍ കരാറിലെത്തുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇതുസംബന്ധിച്ച അടുത്തവട്ട ചര്‍ച്ച ഈ മാസം 26ന് വീണ്ടും ആരംഭിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കരാറിലെത്തുകയെന്നത് സാധ്യമാണെന്നാണ് തന്റെ വിശ്വാസം. പരിഹരിക്കാത്തതായി ഇപ്പോള്‍ ഒന്നും ഇല്ല. ഇതുമായി ബന്ധപ്പെട്ട അവസാന തീരുമാനം എതിര്‍വിഭാഗം എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാലും കരാറിലെത്തുമെന്നു തന്നെയാണ് വിശ്വാസമെന്നും റൂഹാനി പറഞ്ഞു. ബ്രിട്ടന്‍, ചൈന, അമേരിക്ക, ഫ്രാന്‍സ്, റഷ്യ എന്നീ അഞ്ച് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനുമായി ആണവകരാറിലെത്തുന്നതിനുള്ള അവസാന സമയമായി കണ്ടിരിക്കുന്നത് ഈ മാസം 31 ആണ്. ആണവ കരാറിലെത്തുകയാണെങ്കില്‍ 12 വര്‍ഷമായി തുടരുന്ന വലിയൊരു പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചര്‍ച്ചയില്‍ പങ്കാളിയാകുന്നതിന് വേണ്ടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിയിരുന്നു. ലണ്ടനില്‍ വെച്ച് ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മന്‍ നേതാക്കളെ കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി ഇന്നലെ കെറി യാത്ര തിരിച്ചിട്ടുണ്ട്. ശോഭനമായ ഭാവിക്ക് വേണ്ടി ഒത്തുവെന്ന ഈ സാഹചര്യം ഉപയോഗപ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം ഇറാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

Latest