Connect with us

International

തിരഞ്ഞെടുപ്പിലെ കൃത്രിമം അന്വേഷിക്കുമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: 2013 പൊതുതിരഞ്ഞെടുപ്പിലെ കൃത്രിമങ്ങള്‍ അന്വേഷിക്കുമെന്ന് പാക്കിസ്ഥാന്‍.
പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാനുമായി മാസങ്ങളായി നടത്തിയ കൂടിയാലോചനക്കു ശേഷമാണ് ഭരണകക്ഷി പാര്‍ട്ടി അന്വേഷണത്തിന് അംഗീകാരം നല്‍കിയത്.
ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി എം എല്‍-എന്‍) നേതാവും ഇമ്രാന്‍ ഖാനിന്റെ പാര്‍ട്ടിയും തമ്മില്‍ നടത്തിയ കൂടിയാലോചനക്കൊടുവിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തങ്ങള്‍ ഒരു സമവായത്തിലെത്തിയതായി ഇസ്‌ലാമാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇരു പാര്‍ട്ടികളും അറിയിച്ചത്.
പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാര്‍ട്ടി നേടിയ അപ്രതീക്ഷിത വിജയം തിരഞ്ഞെടുപ്പിലെ ക്രമക്കേടുമൂലമാണെന്ന് ആരോപിച്ച് നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് പ്രമുഖ ആത്മീയ നേതാവായ താഹിറുല്‍ ഖാദിരിയുമൊത്ത് ഖാന്‍ ആഗസ്റ്റില്‍ ലാഹോറില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് ഒരു കൂറ്റന്‍ മാര്‍ച്ച് നടത്തിയിരുന്നു.
മാര്‍ച്ചിനു ശേഷം ഖാന്റെ അനുയായികള്‍ പാര്‍ലിമെന്റിനു പുറത്ത് 126 ദിവസം ഉപവാസ സമരത്തിലും ഏര്‍പ്പെട്ടിരുന്നു.
നവാസ് ശരീഫിന്റെ രാജി വരെ ഉപവാസം എന്നു പറഞ്ഞിരുന്നെങ്കിലും 154 പേര്‍ കൊല്ലപ്പെട്ട പെഷാവറിലെ താലിബാന്‍ അക്രമണത്തിനു തൊട്ടുപിറകെ ഉപവാസം അവസാനിപ്പിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതിലേക്ക് ഖാന്‍ ചുവടു മാറ്റുകയായിരുന്നു.

Latest