സിറിയന്‍ കുര്‍ദുകള്‍ക്ക് നേരെ ചാവേര്‍ ആക്രമണം; 45 മരണം

Posted on: March 22, 2015 12:34 am | Last updated: March 22, 2015 at 12:10 pm
SHARE

ബെയ്‌റൂത്ത്: പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 45ലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടു. ഇസില്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സിറിയയില്‍ ഇസില്‍ നടത്തുന്ന ഏറ്റവും രക്തരൂക്ഷിതമായ ആക്രമണങ്ങളിലൊന്നാണ് കഴിഞ്ഞദിവസം നടന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഹസാകെയില്‍ നടന്ന ആക്രമണത്തില്‍ 45 പേരെങ്കിലും കൊല്ലപ്പെട്ടതായും പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നും ഇവിടെയുള്ള മനുഷ്യാവകാശ നിരീക്ഷണ വിഭാഗം അറിയിച്ചു. നേരത്തെ 33 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുര്‍ദ് സിറിയക്കാരുടെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികള്‍ക്കിടെയാണ് ആക്രമണം. ആക്രമണം നടക്കുന്ന സമയത്ത് ഇവിടെ ധാരാളം കുട്ടികളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നോ ആരെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇസില്‍ തീവ്രവാദികളാണ് ഇതിന്റെ പിന്നിലെന്ന് കരുതപ്പെടുന്നു.
രണ്ട് സ്‌ഫോടനങ്ങളാണ് ഇവിടെ നടന്നത്. ഇതില്‍ ഒരു സ്‌ഫോടനം നടന്നത് വാഹനത്തിനുള്ളില്‍ ഒളിച്ചിരുന്ന ചാവേര്‍ ആയിരുന്നുവെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘം മേധാവി വ്യക്തമാക്കി. തുടര്‍ന്നും ആക്രമണം ഉണ്ടാകുമെന്ന ഭയത്തില്‍ പിന്നീട് പുതുവര്‍ഷ ആഘോഷങ്ങള്‍ ഏറെക്കുറെ നിറംമങ്ങിയതായിരുന്നു. നിലവില്‍ ഹസാകെ നഗരം കുര്‍ദിഷ് പ്യൂപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി(വൈ പി ജി)ന്റെ കീഴിലാണ്. ഈ നഗരത്തിന് നേരെ നേരത്തെയും ഇസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലും സിറിയയിലും ഭീകരപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇസിലിനെതിരെ കുര്‍ദിഷ് സൈന്യം അതിശക്തമായി തിരിച്ചടി നല്‍കിയിരുന്നു. അമേരിക്കയുടെയും മറ്റു ചില രാജ്യങ്ങളുടെയും സായുധ പിന്തുണയോടെയാണ് കുര്‍ദിഷ് സൈന്യത്തിന്റെ ഈ മുന്നേറ്റം.