Connect with us

Articles

ഈദ് അവധി: ന്യൂയോര്‍ക്കില്‍ നിന്നുള്ള നല്ല വാര്‍ത്ത

Published

|

Last Updated

അമേരിക്കയിലെ ഇസ്‌ലാം പേടി മാരകമായ തലം കൈവരിച്ച ഘട്ടമാണിപ്പോള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അത് ഏറ്റവും രൂക്ഷമായ നിലയില്‍ നില്‍ക്കുന്ന ഘട്ടം. സയണിസ്റ്റ് ലോബിയും തീവ്രവലതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളും ഇത്രയും ആഴത്തില്‍ സ്വാധീനം ചെലുത്തിയ കാലം ഇതിന് മുമ്പ് യു എസ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പാശ്ചാത്യലോകത്താകെ സംഭവിക്കുന്നതിന്റെ തുടര്‍ച്ച തന്നെയാണ് അത്. ഇസില്‍ വിരുദ്ധ യുദ്ധം ഇസ്‌ലാമിന് എതിരല്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമക്ക് പറയേണ്ടി വരുന്നത് അത്‌കൊണ്ടാണ്. തന്റെ രാജ്യത്ത് സംഭവിക്കുന്ന വംശീയ കംപാര്‍ട്ടുമെന്റ്‌വത്കരണം അദ്ദേഹം കാണുന്നുണ്ട്. കറുത്തവന് മേല്‍ വെളുത്തവന്‍ അധികാരം സ്ഥാപിക്കുന്നു. ഇടതുപക്ഷക്കാരുടെ ചോരക്കായി തീവ്രവലതുപക്ഷം മണം പിടിച്ച് നടക്കുന്നു. മുസ്‌ലിംകളെ കൊല്ലുന്നത് വലിയ പാപമല്ലെന്നും അതൊരു വാര്‍ത്തയല്ലെന്നുമുള്ള ധാരണ പരക്കുന്നു. കറുത്ത വര്‍ഗക്കാരനായ മുസ്‌ലിം ആണെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല. ഷാര്‍ളി ഹെബ്‌ദോ വാരിക ആക്രമണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സൃഷ്ടിച്ച ആഘാതമാണ് അത്. നോര്‍ത്ത് കരോലിനയില്‍ കഴിഞ്ഞ മാസം മൂന്ന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുക പോലും ഉണ്ടായില്ല. നോര്‍ത്ത് കരോലിനാ സര്‍വകലാശാലാ പരിസരത്ത് വെച്ച് വെടിയേറ്റാണ് ഈ ഗവേഷകവിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. സമൂഹ മാധ്യമങ്ങള്‍ ഒച്ചവെച്ചതോടെ ചില മാധ്യമങ്ങള്‍ ഇത്തിരിയെങ്കിലും വാര്‍ത്തയാക്കാന്‍ തയ്യാറായി. അതിനും മുമ്പ് ഒരു കനേഡിയന്‍ മുസ്‌ലിം(കറുത്ത വര്‍ഗക്കാരന്‍) വിദ്വേഷ വധത്തിന് ഇരയായപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല. അമേരിക്ക മുസ്‌ലിംകളുടെ ശത്രുവല്ലെന്ന് പ്രസിഡന്റ് ആവര്‍ത്തിക്കുമ്പോഴും സംശയത്തിന്റെയും ചുഴിഞ്ഞു നോട്ടത്തിന്റെയും തോക്കിന്‍ മുനമ്പില്‍ തന്നെയാണ് അമേരിക്കന്‍ മുസ്‌ലിമിന്റെ ജീവിതം. തീവ്രവാദ വേട്ട പൂര്‍ണമാകണമെങ്കില്‍ ഓരോ മുസ്‌ലിമിനെയും പരിശോധനക്ക് വിധേയമാക്കിയേ തീരൂ എന്ന് തുറന്ന് പറഞ്ഞത് ഫെഡറല്‍ ജഡ്ജ് വില്യം മാര്‍ട്ടിനിയാണ്. തങ്ങള്‍ ചാരപ്രവര്‍ത്തനത്തിന് ഇരയാകുന്നുവെന്ന് കാണിച്ച് എട്ട് മുസ്‌ലിം പ്രമുഖര്‍ നല്‍കിയ പരാതി വലിച്ചെറിയുകയാണ് ജഡ്ജ് ചെയ്തത്.
ഇത്രയും പറഞ്ഞതില്‍ ഒരിടത്തും ദുര്‍ബലരുടെ പക്ഷത്ത് നില്‍ക്കുന്നവരെ സന്തോഷിപ്പിക്കുന്ന ഒരു വരി പോലുമില്ലല്ലോ എന്നും ഈ കുറിപ്പിന്റെ തലവാചകം പാഴായെന്നും തീര്‍പ്പ് കല്‍പ്പിക്കാന്‍ വരട്ടെ. ഈ ചെറിയ (വലിയ) കാര്യം കേട്ട് നോക്കൂ. അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയാണ് ന്യൂയോര്‍ക്ക്. ഇവിടുത്തെ സ്‌കൂളുകള്‍ക്ക് ചെറിയ പെരുന്നാളും വലിയ പെരുന്നാളും ഇനി അവധിയായിരിക്കും. ഇതു സംബന്ധിച്ച ഉത്തരവില്‍ ന്യുയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ ഒപ്പു വെച്ചിരിക്കുന്നു. എന്നു വെച്ചാല്‍ ഇക്കാലം വരെ ഈദ് ദിവസം ഇവിടുത്തെ രക്ഷിതാക്കള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയായിരുന്നുവെന്ന് തന്നെ. കുട്ടികളെ സ്‌കൂളില്‍ വിടണോ, വീട്ടില്‍ ആഘോഷത്തില്‍ പങ്കെടുപ്പിക്കണോ. വീട് മുഴുവന്‍ ആഘോഷത്തിലേക്ക് നീങ്ങുമ്പോള്‍ സ്‌കൂളില്‍ പോകേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ കാര്യമോ? “നഗരത്തിന്റെ വൈവിധ്യവും ശക്തിയും പ്രതിഫലിക്കുന്ന തരത്തില്‍ സ്‌കൂള്‍ കലന്‍ഡറില്‍ മാറ്റം വരുത്തുകയാണ്. ഇത് ഒരു വാഗ്ദാനപാലനമാണ്. ഇനി മുതല്‍ ന്യൂയോര്‍ക്കിലെ ആയിരക്കണക്കായ മുസ്‌ലിംകള്‍ക്ക് ഈദിനെ ആദരിക്കണോ കുട്ടികളെ സ്‌കൂളില്‍ അയക്കണോ എന്നതില്‍ നിന്ന് വിഷമകരമായ തിരഞ്ഞെടുപ്പിന് മുതിരേണ്ടതില്ല” – മേയര്‍ പറഞ്ഞു.
ഇതിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ന്യൂയോര്‍ക്കിലെ മുസ്‌ലിം സമുദായ നേതാക്കള്‍ രണ്ട് പതിറ്റാണ്ടായി നടത്തുന്ന പ്രചാരണവും സമാധാനപരമായ പോരാട്ടവും നിരത്തിവെക്കുന്നു. ഗതാഗത കലന്‍ഡറില്‍ 1992ല്‍ ഈദ് ദിനങ്ങള്‍ ഉള്‍പ്പെടുത്തിയതായിരുന്നു ആദ്യ വിജയം. നഗരത്തില്‍ പ്രത്യേക ഗതാഗത ഇളവുകള്‍ നല്‍കുന്ന തീയതികളാണ് ഈ കലന്‍ഡറില്‍ ഉള്‍പ്പെടുന്നത്. 2006 ജനുവരിയില്‍ ബലി പെരുന്നാള്‍ ദിനത്തില്‍ സ്റ്റേറ്റ്‌ലവല്‍ പരീക്ഷ വെച്ചു. പരീക്ഷാ പ്രഖ്യാപനം വന്ന ദിവസം മുതല്‍ മുസ്‌ലിംകള്‍ പ്രതിഷേധിച്ചു. ഫലമുണ്ടായില്ല. ഈദ് ദിനം ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതി. എന്നാല്‍ ഇത് കലന്‍ഡര്‍ പരിഷ്‌കരണ സമരത്തിന് ഊര്‍ജം പകര്‍ന്നു. കൊയലീഷ്യന്‍ ഫോര്‍ മുസ്‌ലിം സ്‌കൂള്‍ ഹോളിഡേയ്‌സ് എന്ന സംഘടന രൂപവത്കരിച്ചു. മൂന്ന് വര്‍ഷത്തെ സമ്മര്‍ദത്തിനൊടുവില്‍ സിറ്റി കൗണ്‍സില്‍ വഴങ്ങി. ഇസ്‌ലാമിക് ആഘോഷ ദിനങ്ങളെ അവധി കലന്‍ഡറില്‍ ഉള്‍പ്പെടുത്താനായി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്‌ഠ്യേന പാസ്സാക്കി. എന്നാല്‍ അന്നത്തെ മേയര്‍ മൈക്കേല്‍ ബ്ലൂംബെര്‍ഗ് ഈ പ്രമേയം വീറ്റോ ചെയ്തു. “എല്ലാ ആഘോഷങ്ങള്‍ക്കും സ്‌കൂള്‍ അടച്ചിട്ടാല്‍ പിന്നെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ദിവസമുണ്ടാകില്ലെ”ന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
2013മെയിലെ തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ഥികളായ ബില്‍ ഡി ബ്ലാസിയോയും ജോ എല്‍ഹോതയും ഇക്കാര്യത്തില്‍ ഒരേ പക്ഷക്കാരായിരുന്നു. ചെറിയ പെരുന്നാളും ബലി പെരുന്നാളും അവധി ദിനങ്ങളാക്കുമെന്ന് അവര്‍ രണ്ടു പേരും പ്രചാരണ ഘട്ടത്തില്‍ വാഗ്ദാനം ചെയ്തു. ജയിച്ചു കയറിയ ഡി ബ്ലാസിയോ ഇപ്പോള്‍ വാഗ്ദാനം പാലിച്ചിരിക്കുന്നു. അമേരിക്കയില്‍ ഈദ് അവധിയാക്കുന്ന ആദ്യത്തെ സ്‌കൂള്‍ ജില്ലയല്ല ന്യൂയോര്‍ക്ക്. ഡിയര്‍ബോണ്‍, മിഷിഗണ്‍, പാറ്റേഴ്‌സണ്‍, സൗത്ത് ബ്രണ്‍സ്‌വിക്ക്, ന്യൂ ജേഴ്‌സി, മസാച്ചുസറ്റ്‌സ്, ബര്‍ലിംഗ്ടണ്‍ എന്നിവയില്‍ ഇത്തരം കലന്‍ഡര്‍ ഇതിനകം നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ വലിപ്പത്തിലും പ്രധാന്യത്തിലും മുന്‍ പന്തിയിലുള്ള ന്യൂയോര്‍ക്കിലേതിലെ മാറ്റത്തിനാണ് തിളക്കമേറെയുള്ളത്.
“അമേരിക്കന്‍ മുസ്‌ലിം സമൂഹം രാഷ്ട്രീയമായി ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനയെന്ന നിലയില്‍ ഈ വിജയം മഹത്തായത് തന്നെയാണ്. മുമ്പാണെങ്കില്‍ അധികാരികളുടെ നോട്ടപ്പുള്ളിയാകുന്നത് പേടിച്ച് ആരും ഇത്തരം കാര്യങ്ങളില്‍ സംഘടിക്കാന്‍ തയ്യാറായിരുന്നില്ല. ഈ വിജയം ന്യായമായ കാര്യങ്ങള്‍ക്കായി, സമാധാനപരമായി സംഘടിക്കാനുള്ള ശക്തി പകരുന്നുണ്ട്. ന്യൂയോര്‍ക്ക് പോലീസ് വകുപ്പിന്റെയും എഫ് ബി ഐയുടെയും കസ്റ്റംസ് വിഭാഗത്തിന്റെയും വിവേചനപരമായ പരിശോധനകള്‍ക്കും സമീപനങ്ങള്‍ക്കുമെതിരെ ശക്തമായി നിലകൊള്ളാനുള്ള ആത്മവിശ്വാസം പകരുന്നു ഈ വിജയം” – കൊയിലീഷ്യന്‍ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നിന്ന ലിന്‍ഡാ സര്‍സൂര്‍ പറയുന്നു.
ഫെഡറല്‍ ജഡ്ജ് വില്യം മാര്‍ട്ടിനിയിലേക്ക് വരാം. ഒരു മുസ്‌ലിമിനെയും സംശയത്തിന്റെ നിഴലില്‍ നിന്ന് ഒഴിവാക്കരുതെന്നാണല്ലോ അദ്ദേഹം വിധിക്കുന്നത്. ന്യായാധിപന്റെ നീതിബോധം ഇത്ര വിഷമയമാണെങ്കില്‍ സാധാരണ പൗരന്‍മാരുടെ ധാരണ എന്തായിരിക്കും? പൊതു മണ്ഡലത്തില്‍ തന്റെ വിശ്വാസം അപഹസിക്കപ്പെടുന്നതിന്റെ വേദന അനുഭവിക്കാതെ ഒരു മുസ്‌ലിമിനും മുന്നോട്ട് പോകാനാകില്ലെന്ന് ചുരുക്കം. ഈ മുറിവിലാണ് ഈ അവധി വിജയം മരുന്ന് പുരട്ടുന്നത്. ന്യൂയോര്‍ക്കിലെ മുസ്‌ലിംകള്‍ ഇതിന് ഇത്ര പ്രാധാന്യം നല്‍കുന്നത് ഉള്‍ക്കൊള്ളലിന്റെ തലം അതിലുള്ളത് കൊണ്ടാണ്. വിവേചനവും ഒറ്റപ്പെടുത്തലും നിയമവിരുദ്ധ നിരീക്ഷണവും നിലനില്‍ക്കുവോളം അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് കഠിന കാലം തന്നെയായിരിക്കും. (ഹിശാം എയ്ദി, അല്‍ ജസീറയോട് കടപ്പാട്)

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest