Connect with us

Articles

തണ്ണീര്‍... തണ്ണീര്‍

Published

|

Last Updated

ഇന്ന് ലോക ജലദിനം.

ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകമാണല്ലോ ജലം. “”പാനീയം പ്രാണിനാംപ്രാണം”” (ജലം ജീവികള്‍ക്ക് പ്രാണനുതുല്യം) എന്നാണല്ലോ ചൊല്ല്. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യജാലങ്ങള്‍ ഇവയ്‌ക്കെല്ലാം ജലം അത്യാവശ്യമാണ്. വെള്ളത്തിന് പകരംവയ്ക്കാവുന്ന മറ്റൊരു പദാര്‍ഥം ഇന്നുവരെ ഭൂമിയില്‍ കണ്ടെത്തിയിട്ടില്ല. നിത്യജീവിതത്തില്‍ വെള്ളമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്ക് സങ്കല്‍പിക്കാനാവില്ല. കുടിക്കാന്‍, കുളിക്കാന്‍, ഭക്ഷണം പാകം ചെയ്യാന്‍, അലക്കാന്‍, ശുദ്ധീകരിക്കാന്‍, താപനില നിയന്ത്രിക്കാന്‍, കൃഷി, ജലസേചനം, വ്യവസായം, ഊര്‍ജോത്പാദനം തുടങ്ങി ജീവിത്തിന്റെ എല്ലാ മേഖലയുടെ പ്രവര്‍ത്തനത്തിനും ജലം കൂടിയേ കഴിയൂ. മനുഷ്യ പുരോഗതിയ്ക്ക് തുടക്കം കുറിച്ച പുരാതന സംസ്‌കാരങ്ങള്‍ രൂപപ്പെട്ടത് നദീതടങ്ങളിലായിരുന്നല്ലോ? ചരിത്രം മാത്രമല്ല, കല, സംസ്‌കാരം തുടങ്ങിയവയെല്ലാം ജലവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒപ്പം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വരള്‍ച്ചയിലേക്ക് നാട് നീങ്ങുന്നതിന്റെ സൂചനകളും. ശാസ്ത്രീയമായ ഒട്ടേറെ നേട്ടങ്ങള്‍ നാം പ്രാപ്തമാക്കിയിട്ടുണ്ടെങ്കിലും വലിയ വരള്‍ച്ച അനുഭവപ്പെട്ടാല്‍ അതിനെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ഇന്നും അജ്ഞരാണ്. കടുത്ത വേനല്‍ക്കാലത്ത് ദക്ഷിണേന്ത്യന്‍ നദികള്‍ വറ്റിവരളുമ്പോള്‍, ഹിമാലയന്‍ നദികളെപ്പോലെ ഒഴുകിയെത്താന്‍ മഞ്ഞുമലകളിവിടില്ല. നമുക്ക് ആശ്രയിക്കാന്‍ ആകെയുള്ളത് ആകാശത്തുനിന്നും പൊഴിഞ്ഞുവീഴുന്ന വര്‍ഷപാതം മാത്രം. അക്കാരണത്താല്‍ തന്നെ നാം ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ വിനിയോഗിക്കാനും പഠിക്കുകയും വരുംനാളുകളില്‍ പ്രായോഗികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മഴവെള്ളം ശേഖരിക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കുകയും ഭാവിക്കായി കരുതിവെക്കാന്‍ തയ്യാറാകുകയും വേണം.
ജലത്തിന്റെയും അതിന്റെ സ്രോതസ്സുകളുടെയും പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992-ല്‍ ബ്രസീലിലെ റിയോഡിജനിറോയില്‍ ചേര്‍ന്ന പരിസ്ഥിതിയും വികസനവും സംബന്ധിച്ച യു എന്‍ സെമിനാറിലാണ് ജലദിനാചരണം എന്ന സന്ദേശം ഉയര്‍ത്തുകയും 1993 മുതല്‍ പൊതുസഭയുടെ നിര്‍ദേശമനുസരിച്ച് ലോകവ്യാപകമായി ജലദിനം മാര്‍ച്ച് 22 ന് ആചരിച്ചുവരികയും ചെയ്യുന്നത്. കഴിഞ്ഞ 23 വര്‍ഷമായി വ്യത്യസ്ത പ്രചാരണാശയങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ജലദിനങ്ങള്‍ വഴി അന്താരാഷ്ട്രതലത്തില്‍ ജലത്തെ സംബന്ധിച്ച അവബോധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ജലസഹകരണ വര്‍ഷമായി ആചരിച്ചിരുന്നു.

രൂക്ഷമായ ജലക്ഷാമം
രൂക്ഷമായ ജലക്ഷാമം കാരണം വരാനിരിക്കുന്ന നാളുകള്‍ ജലയുദ്ധത്തിന്റെതാകുമെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ജലത്തെപ്പറ്റി നടന്നിട്ടുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വിനാശത്തിന്റെ സന്ദേശമാണ് നമുക്ക് നല്‍കുന്നത്. 1990കളില്‍ ആരംഭിച്ച ശുദ്ധജല ദൗര്‍ലഭ്യം 2015 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ നാലിലൊന്ന് ആളുകള്‍ക്ക് ശുദ്ധജലം കിട്ടാത്തത്ര ഭീകരമാകുമെന്ന് “”ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടി””ന്റെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 50 രാഷ്ട്രങ്ങളിലായി ലോകത്ത് ഏതാണ്ട് 320 കോടി ജനങ്ങളെ ഇത് ബാധിക്കുമെന്നും പറയുന്നു. 2050-ല്‍ ലോകജനസംഖ്യയില്‍ പകുതിയോളം ആളുകള്‍ കുടിവെള്ള ക്ഷാമത്തിനിരയാകുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്ന് ലോകജനതയില്‍ 110 കോടി ആളുകള്‍ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനവും കുടിവെള്ളത്തിനുവേണ്ടി ചെലവഴിക്കുന്നു.

ജലവിതരണ ക്രമം
ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനത്തില്‍ കൂടുതല്‍ ഭാഗം സമുദ്രങ്ങളിലാണ്. സമുദ്രജലം കുടിക്കാനോ കാര്‍ഷിക-വ്യാവസായിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്നില്ല. അവശേഷിക്കുന്ന മൂന്ന് ശതമാനത്തില്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ മഞ്ഞുപാളികളിലായി ധ്രുവപ്രദേശങ്ങളിലായി ഉറഞ്ഞുകിടക്കുന്നു. ചുരുക്കത്തില്‍ ഭൂമുഖത്ത് ലഭ്യമായ ശുദ്ധജലത്തില്‍ ഒരു ശതമാനം മാത്രമാണ് മനുഷ്യന് നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്നത്. പുഴ, കിണര്‍, തടാകം, കുളം എന്നിവയില്‍ കണ്ടുവരുന്ന ജലമാണ് നാം ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇവയില്‍ പലതും അനുദിനം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു, ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. ആമസോണ്‍ പോലെയുള്ള വന്‍ നദികള്‍പോലും മെലിഞ്ഞുണങ്ങുന്നു. വേനലില്‍ നീര്‍ച്ചാലായി മാറുന്ന പെരിയാറും, ചാലിയാറും, വളപ്പട്ടണവും, മൂവാറ്റുപുഴയാറും, കരമനയാറുമെല്ലാം നമ്മുടെ കണ്‍മുമ്പിലുണ്ടല്ലോ.
വര്‍ധിച്ചുവരുന്ന ജനസംഖ്യ, കാഴ്ചപ്പാടുകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍, നഗരവത്കരണം, നിയന്ത്രണമില്ലാത്ത മലിനീകരണം, വനസമ്പത്തിനുണ്ടായ നാശം തുടങ്ങിയവയൊക്കെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുന്നു.
ജനസംഖ്യാ വര്‍ധനവ് അനുസരിച്ച് ജലത്തിന്റെ ഉപയോഗവും കൂടുമല്ലോ. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാകുന്ന ജനപ്പെരുപ്പം അവിടുത്തെ ജലസമ്പത്തിന് ഏറെ ബാധിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അവസ്ഥ ഏറെ ആശങ്കാജനകമാണ്. ഭൂമിയിലെ ഓരോരുത്തര്‍ക്കും ഏകദേശം 9000 ഘനമീറ്റര്‍ ശുദ്ധജലം വീതം ഉണ്ട് എന്നായിരുന്നു 1989-ലെ കണക്ക്. 2025 ആകുമ്പോഴേക്കും ലോകജനസംഖ്യ വര്‍ധിച്ച് ഒരാള്‍ക്ക് 5100 ഘനമീറ്റര്‍ ശുദ്ധജലം എന്നനിലയിലേക്ക് കുറയുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു. ഭൂമിയില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ പകുതിയിലധികം ഇതിനോടകം ഉപയോഗിച്ചുകഴിഞ്ഞു എന്നതാണ് വിദഗ്ധരുടെ പക്ഷം. 2025 ആകുമ്പോഴേക്കും മുക്കാല്‍ ഭാഗത്തോളം ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. ലോകജനസംഖ്യയില്‍ ഒരു നൂറ്റാണ്ടുകൊണ്ട് മൂന്നിരട്ടി വര്‍ധനവ് ഉണ്ടായപ്പോള്‍ ജല ഉപയോഗം ആറ് മടങ്ങാണ് വര്‍ധിച്ചത്.

താളം തെറ്റുന്ന കാലാവസ്ഥ
ജലദൗര്‍ലഭ്യത്തിന്റെ മറ്റൊരു കാരണം കാലത്തിനും കാലാവസ്ഥയ്ക്കും വന്ന വ്യതിയാനമാണ്. വേനലും മഞ്ഞും മഴയുമൊക്കെയായി കാലത്തിനും കാലാവസ്ഥയ്ക്കും കൃത്യമായ ഒരു താളമുണ്ടായിരുന്നു. എന്നാലിപ്പോള്‍ താളം തെറ്റിയിരിക്കുന്നു. മഴയുടെ അളവ് ഗണ്യമായി കുറയുകയും ചൂട് അസഹനീയമാവുകയും ചെയ്യുന്നു. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ ക്രമമായി തന്നെ കടന്നുപോകുമെന്ന് തീര്‍ത്തുപറയാനാകില്ല. അന്തരീക്ഷ താപനിലയിലുണ്ടാവുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും കാര്‍ഷിക വിളകളെ ഏറെ ദോഷകരമായി ബാധിക്കും. കടുത്ത ജലക്ഷാമം കൂടിയാകുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുകയും ഭക്ഷ്യസുരക്ഷ അവതാളത്തിലാകുകയും ചെയ്യും.

ജലമലിനീകരണം
ശുദ്ധജല ദൗര്‍ലഭ്യത്തിന് പ്രധാന കാരണം ജലമലിനീകരണം ആണ്. നമ്മുടെ ഉപരിതല ജലസ്രോതസ്സുകള്‍ എല്ലാം തന്നെ മലിനീകരണംമൂലം നാശത്തിന്റെ വക്കിലാണ്. ലോകത്ത് 80 ശതമാനം ജലവും മലിനപ്പെട്ടതായി ഇക്കോളജിക്കല്‍ സയന്‍സിന്റെ പഠനം വ്യക്തമാക്കുന്നു. ജലം ഒരു സാര്‍വലായകമായതിനാല്‍ പെട്ടെന്ന് മലിനമാകുന്നു. ഒരുഭാഗത്ത് ശുദ്ധജല സ്രോതസ്സുകള്‍ കുറഞ്ഞുവരുമ്പോള്‍ മറുഭാഗത്ത് ഉള്ള ജലസ്രോതസ്സുകള്‍ മലീമസമാകുന്നത് വലിയ ഭീഷണിയാണ്. മനുഷ്യന്റെ ലാഭക്കൊതിയാണ് നദികളെയും കുളങ്ങളെയും നമ്മുടെ തണ്ണീര്‍തടങ്ങളെയും ഏറെക്കുറെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമില്ലാത്ത നദികളും കിണറുകളും കുളങ്ങളും കണ്ടെത്തുക ഇന്ന് ഏറെ പ്രയാസമാണ്. രാസവളങ്ങള്‍ കീടനാശിനി, പക്ഷിമൃഗാദികളുടെ വിസര്‍ജ്യം, മലിനജലം, വ്യാവസായിക-ഗാര്‍ഹിക, ഖര, രാസമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, കൃഷിയിടങ്ങളിലെ മാലിന്യം, സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം എന്നിവമൂലം നമ്മുടെ ജലസ്രോതസ്സുകളെല്ലാം ഏറെ മലിനപ്പെട്ടിരിക്കുകയാണ്.

ജലജന്യരോഗങ്ങള്‍
ദരിദ്ര്യ രാജ്യങ്ങള്‍ സാംക്രമിക രോഗങ്ങളുടെ പിടിയിലമരുന്നതിന്റെ പ്രധാന കാരണം ശുദ്ധജലദൗര്‍ലഭ്യമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം അഞ്ച് കോടിയോളം പേര്‍ ജലജന്യരോഗങ്ങളാല്‍ മരിക്കുന്നു. ജലജന്യരോഗങ്ങളില്‍ പ്രധാനം അതിസാരം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി മുതലായവയാണ്. മലമ്പനി, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മന്ത് രോഗങ്ങള്‍ പരത്തുന്ന പ്രാണികളുടെ ലാര്‍വകള്‍ വളരുന്നതും മലിനജലത്തിലാണ്. യുനിസെഫിന്റെ കണക്കനുസരിച്ച് മലിനജലം ഉപയോഗിക്കേണ്ടിവരുന്നതുമൂലം 16 ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം മരിക്കുന്നത്. ലോകത്ത് ഉണ്ടാകുന്ന 88 ശതമാനം രോഗങ്ങള്‍ക്കും കാരണം ശുദ്ധജലം കിട്ടാത്തതും ശുചിത്യമില്ലായ്മയും ജലമലിനീകരണവും തന്നെ.
ജലം അമൂല്യമായ ഒരനുഗ്രഹമാണെന്ന് മനസ്സിലാക്കി ജലത്തിന്റെ സുസ്ഥിര വിനിയോഗവും ജലസ്രോതസ്സുകളുടെ സംരക്ഷണവും മഴവെള്ള സംരക്ഷണവുമൊക്കെ ശീലിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഈ സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ഒരു ആഹ്വാനം കൂടി ഈ ദിനാചരണം നമുക്ക് നല്‍കുന്നു. ചതുപ്പുനിലങ്ങള്‍ ഉള്‍പ്പെടെയുള്ള വയലുകള്‍ നികത്തുന്നത്, കടുത്ത മണല്‍ക്കൊള്ളയിലൂടെ നദികളെ വറ്റിക്കുന്നത്, കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്, വനനശീകരണം, ചിറകളും തടാകങ്ങളും ഇല്ലാതാക്കല്‍, കുളങ്ങളുടെയും കിണറുകളുടെയും നാശം, മുറ്റം കോണ്‍ക്രീറ്റ് ചെയ്ത് മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത് തടയുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയും ദൈനംദിനം ജലഉപയോഗം ക്രമീകരിച്ചും ഈ ദിനത്തില്‍ പങ്കുചേരാം.

Latest