തെരുവുകളില്‍ അലയുന്നത് രണ്ടരലക്ഷത്തിലധികം നായകള്‍; പുറത്തിറങ്ങാനാകാതെ ജനം

Posted on: March 22, 2015 11:00 am | Last updated: March 22, 2015 at 11:00 am
SHARE

dogകൊല്ലം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ പേടിച്ച് ജനത്തിന് പുറത്തിറങ്ങാനാകുന്നില്ല. ഗ്രാമ,നഗര വ്യത്യസമില്ലാതെ മിക്കയിടങ്ങളിലും തെരുവ് നായ്ക്കള്‍ വിലസുകയാണ്. രണ്ടര ലക്ഷത്തിലധികം നായകള്‍ തെരുവുകളില്‍ അലയുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പുതിയ കണക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ നിസ്സഹകരണം കാരണം തെരുവ് നായകളുടെ ജനന നിയന്ത്രണ പദ്ധതികളും സംസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. തെരുവ് നായകളുടെ എണ്ണത്തില്‍ ദിവസം തോറും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്.

സംസ്ഥാനത്ത് 2,68,994 തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതും ലക്ഷ്യമിട്ടുള്ള എ ബി സി പദ്ധതി സംസ്ഥാനത്ത് പൂര്‍ണമായും നിലച്ച മട്ടാണ്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചയാണ് പദ്ധതി നിലക്കാന്‍ പ്രധാന കാരണം. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് നായകളുടെ വന്ധ്യംകരണ നടപടികള്‍ പേരിനെങ്കിലും നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് എബിസി പദ്ധതിക്ക് തുടക്കം കുറിക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തെരുവ് നായകള്‍ ഉള്ളത്. കൊല്ലത്ത് ദിവസവും നൂറിലധികം പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വൃദ്ധരും കുട്ടികളുമടക്കം നിരവധിപ്പേരുടെ മുഖം വരെ തെരുവ് നായ്ക്കള്‍ കടിച്ച് കീറി. കൂട്ടമായെത്തുന്ന ഇവയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സാധിക്കാത്തതിനാലാണ് ആക്രമണത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്.
അതേസമയം തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്കുള്ള പേവിഷബാധ പ്രതിരോധ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ലഭ്യമാകാത്ത സ്ഥിതിയും സംസ്ഥാനത്തുണ്ട്. നായയുടെ കടിയേറ്റാല്‍ സാധാരണ നല്‍കുന്നത് ‘ഇന്‍ട്ര ഡെര്‍മല്‍ റാബീസ് വാക്‌സിന്‍’ ആണ്. അത് എല്ലാ ആശുപത്രിയിലും ലഭ്യമാണ്. എന്നാല്‍, പേവിഷബാധയുള്ളതായി സംശയിക്കപ്പെടേണ്ട തെരുവുനായകള്‍ കടിച്ചാല്‍ നല്‍കേണ്ട പ്രതിരോധ മരുന്നാണ് ആശുപത്രികളില്‍ ലഭ്യമല്ലാത്തത്.
ഇതിനായി കുതിര അടക്കമുള്ള മൃഗങ്ങളില്‍ നിന്ന് എടുക്കുന്ന ഇക്യുറാബ് വാക്‌സിനും മനുഷ്യരില്‍നിന്ന് എടുക്കുന്ന ഹ്യൂമന്‍ റാബീസ് ഇമ്യൂണോ ഗ്ലോബുലിന്‍ എന്ന വാക്‌സിനുമാണ് ഉപയോഗിക്കുന്നത്. ഇക്യുറാബ് വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാണെങ്കിലും 70 ശതമാനം ആളുകളിലും അലര്‍ജിയുണ്ടാക്കുന്നതിനാല്‍ ഇത് ഉപയോഗയോഗ്യമല്ല. എന്നാല്‍, അലര്‍ജിയോ മറ്റ് അനുബന്ധ പ്രശ്‌നങ്ങളോ ഇല്ലാത്ത ഹ്യൂമന്‍ റാബീസ് ഇമ്മ്യൂണോ ഗ്ലോബുലിനാണ് തീര്‍ത്തും ലഭ്യമല്ലാത്തത്. തെരുവുനായകളെ നിയന്ത്രിക്കാന്‍ ക്രീയാത്മക നടപടി എടുക്കാത്ത സര്‍ക്കാര്‍ പേവിഷത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.