കൊച്ചി മെട്രോ: കോച്ചുകളുടെ നിര്‍മാണത്തിന് ശ്രീസിറ്റിയില്‍ തുടക്കം

Posted on: March 22, 2015 10:49 am | Last updated: March 22, 2015 at 10:52 am
SHARE

metro coach 2കൊച്ചി: മെട്രൊയുടെ കോച്ച് നിര്‍മാണം ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ശ്രീസിറ്റിയില്‍ കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു. കോച്ചുകളുടെ നിര്‍മാണ ചുമതലയുള്ള ആല്‍സ്റ്റോമിന്റെ ശ്രീസിറ്റിയിലെ ഫാക്റ്ററിയിലായിരുന്നു ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയില്‍ പങ്കെടുത്തു. അടുത്ത ഘട്ടത്തില്‍ പുനെ, അഹമ്മദാബാദ്, ലക്‌നൗ, വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ നഗരങ്ങളില്‍ മെട്രൊ അനുവദിക്കുമെന്ന് വെങ്കയ്യനായിഡു പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് അല്‍സ്റ്റോം സംരംഭം ശ്രീസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
രാജ്യത്തെ നഗരങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് 100 സിറ്റികള്‍ സ്മാര്‍ട്ടാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സാമ്പത്തിക ലാഭം ഉണ്ടാക്കുന്നില്ലെങ്കിലും മറ്റു പലതരത്തിലും കോടികളുടെ ലാഭം നേടിത്തരും. ഇന്ധന ഉപയോഗം കുറയുന്നതിനും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും മെട്രൊ സഹായകരമാണെന്നും അദേഹം പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയില്‍ 50 ശതമാനവും നഗരങ്ങളിലാണുള്ളത്. അതിനാല്‍, നഗരങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഡല്‍ഹി മെട്രൊ ഓടിതുടങ്ങിയതോടെ ഇന്ധന ചെലവില്‍ 10,000 കോടി രൂപയുടെ ലാഭമുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 2016ല്‍ കൊച്ചി മെട്രൊയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. 2017യോടെ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.കേരള സര്‍ക്കാറിന് കേന്ദ്രനഗര വികസന മന്ത്രാലയം എല്ലാവിധ പിന്തുണയും നല്‍കുമെന്നും നിയിഡു വ്യക്തമാക്കി. ബോംബാഡിയര്‍ ഗുജറാത്തിലെ പ്ലാന്റില്‍ നിന്നും അല്‍സ്റ്റോം ശ്രീസിറ്റിയില്‍ നിന്നും വൈകാതെ മെട്രൊ കാറുകള്‍ ഓസ്‌ട്രേലിയലേയ്ക്ക് കയറ്റിയയക്കും. 630 കോടി രൂപ ചെലവിലാണ് ശ്രീസിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റ് യാഥാര്‍ഥ്യമാകുന്നത്. വിദേശ നിക്ഷേപം വഴി കൂടുതല്‍ കമ്പനികള്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.
അതത് സ്ഥലങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്കു ഈ കമ്പനികള്‍ ജോലി നല്‍കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. തൊഴില്‍ മികവിനു പരിശീലനം നല്‍കാനും കമ്പനികള്‍ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, എംപിമാരായ കെ വി. തോമസ്, എം പി വരപ്രസാദ്, ഇന്ത്യയിലെ ഫ്രഞ്ച് അബാസഡര്‍ ഫ്രാന്‍ക്വ റീഷര്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഡി എം ആര്‍ സി ഡയറക്ടര്‍ (റോളിംഗ് സ്‌റ്റോക്) എസ് എസ് ആനന്ദ് ഫ്രഞ്ച് വികസന ബാങ്ക് , അല്‍സ്റ്റോം കമ്പനി പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.